നീണ്ട ആലോചനകള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കാന്‍ തീരുമാനം. വിംബിള്‍ഡണ്‍ റദ്ദു ചെയ്ത കാര്യം സംഘാടകരായ ഓള് ഇംഗ്ലണ്ട് ലോണ്‍ ടെന്നീസും ക്രോക്കറ്റ് ക്ലബും ബുധനാഴ്ച്ച അറിയിച്ചു. കൊറോണ മഹാമാരി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് ഉപേക്ഷിക്കാനുള്ള തീരുമാനം.
ഐതിഹാസിക വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പിന്റെ 134 ആം പതിപ്പായിരുന്നു 2020 ജൂണില്‍ ആരംഭിക്കേണ്ടിയിരുന്നത്. കൊറോണ ഭീതി മുന്‍നിര്‍ത്തി ഒരു വര്‍ഷം വൈകി വിംബിള്‍ഡണ്‍ നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. പുതുക്കിയ തീയതി പ്രകാരം 2021 ജൂണ്‍ 28 മുതല്‍ ജൂലായ് 11 വരെ പുതിയ വിംബിള്‍ഡണ്‍ സീസണ് അരങ്ങേറും.
നേരത്തെ, കൊറോണ വൈറസുബാധ നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസും മാറ്റിവെച്ചിരുന്നു. മെയ് മാസം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് സെപ്തംബറിലാകും നടക്കുക. വിംബിള്‍ഡണിന്റെ വഴിയെ ഇറ്റാലിയന്‍ ക്ലബ് ലീഗായ സീരീ എയും ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറ്റാലിയന്‍ ഫുട്ബോളേഴ്സ് അസോസിയേഷന്. കഴിഞ്ഞ ദിവസം എഐസി പ്രസിഡന്റ് ഡാമിയാനോ ടോമസി ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. നിലവില്‍ ഏപ്രില്‍ മൂന്നുവരെയാണ് സീരീ എ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
Most Read: ടി20 ലീഗ് ക്രിക്കറ്റിലെ മികച്ച ഇക്കോണമിയുള്ള ബൗളര്‍ ആര്? ഉത്തരം ഈ കണക്കുകള്‍ പറയും
വൈറസുബാധ നിയന്ത്രവിധേയമാകാത്തതുകൊണ്ട് ഏപ്രിലിലും മത്സരങ്ങള്‍ പുനഃരാരംഭിക്കാന്‍ വഴിയില്ല. കായിക മത്സരങ്ങള്‍ക്കുള്ള വിലക്ക് ഏപ്രിലിലും തുടരുമെന്ന് ഇറ്റലിയുടെ സ്പോര്‍ട്സ് മന്ത്രി വിന്‍സെന്‍സോ സ്പാഡഫോറ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്‍പതിനാണ് സീരീ എ സീസണില്‍ അവസാന മത്സരം അരങ്ങേറിയത്. ഏപ്രില്ക്കൂടി വിലക്ക് നീളുന്നതോടെ സീരീ എ ഉപേക്ഷിക്കാനുള്ള മട്ടിലാണ് എഐഎസി. നിലവില്‍ യുവന്റാസാണ് ലീഗിലെ മുന്‍നിരക്കാര്‍. സീസണില്‍ എല്ലാ ടീമുകളും 26 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.