മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ റുമാനിയന്‍ താരം സിമോണ ഹാലെപ്പ് രണ്ടാം സീഡും മുന്‍ ഒന്നാം റാങ്കുകാരിയുമായ ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിയെ നേരിടും. രണ്ടാം സെമിയില്‍ 2016ലെ ചാംപ്യനായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിനെ ഹാലെപ്പ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടക്കുകയായിരുന്നു. സ്‌കോര്‍: 6-3, 4-6, 9-7.

നേരത്തേ ഒന്നാം സെമിയില്‍ ബെല്‍ജിയത്തിന്റെ സീഡില്ലാ താരം ഏലിസ് മെര്‍ട്ടന്‍സിനെയാണ് വോസ്‌നിയാക്കി നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. 6-3, 7-6നായിരുന്നു 27കാരിയുടെ വിജയം. രണ്ടാം സീഡായ വോസ്‌നിയാക്കി കരിയറില്‍ ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ കലാശക്കളിക്കു യോഗ്യത നേടുന്നത്. ഫൈനലില്‍ സിമോണ ഹാലെപ്പ്- ആഞ്ചലിക് കെര്‍ബര്‍ മല്‍സരത്തിലെ ജേതാവുമായാണ് വോസ്‌നിയാക്കി ഏറ്റുമുട്ടുന്നത്.

സെമിയില്‍ എതിരാളിയുടെ കഥ കഴിക്കാന്‍ വോസ്‌നിയാക്കിക്കു വെറും 70 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. രണ്ടാം സെറ്റില്‍ മാത്രമാണ് ഡെന്‍മാര്‍ക്ക് താരത്തിന് അല്‍പ്പമെങ്കിലും വെല്ലുവിളി നേരിട്ടത്.