മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ആദ്യദിനം അട്ടിമറികളോടെ തുടക്കം. വനിതാ സിംഗിള്‍സില്‍ നിലവിലെ യുഎസ് ഓപ്പണ്‍ ജേതാവും അമേരിക്കന്‍ താരവുമായ സ്ലോന്‍ സ്റ്റീഫന്‍സിനും മുന്‍ ഗ്രാന്റ്സ്ലാം ജേതാവും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുമായ വീനസ് വില്ല്യംസിനുമാണ് അപ്രതീക്ഷിത പരാജയം നേരിട്ടത്.
എന്നാല്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പര്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ജയത്തോടെ തുടങ്ങി. ആദ്യറൗണ്ടില്‍ അനായാസ വിജയമാണ് നദാല്‍ സ്വന്തമാക്കിയത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഡൊമിനിക്കന്‍ റിപബ്ലിക് താരം വിക്ടര്‍ എസ്‌ട്രെല്ലയെ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു കെട്ടുകെട്ടിക്കുകയായിരുന്നു. സ്‌കോര്‍: 6-1, 6-1, 6-1. കഴിഞ്ഞ നവംബറില്‍ കാല്‍മുട്ടിനേറ്റ പരിക്കുമൂലം വിശ്രമത്തിലായിരുന്ന നദാല്‍ പങ്കെടുക്കുന്ന ആദ്യ ടൂര്‍ണമെന്റ് കൂടിയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. റേഡ് ലേവര്‍ അരീനയില്‍ നടന്ന മല്‍സരം വെറും 94 മിനിറ്റ് കൊണ്ടാണ് സ്പാനിഷ് സൂപ്പര്‍ താരം സ്വന്തമാക്കിയത്.

17ാം ഗ്രാന്റ്സ്ലാം ലക്ഷ്യമിട്ടാണ് നദാല്‍ ഇവിടെയെത്തിയത്.
പുരുഷ സിംഗിള്‍സിലെ മറ്റു മല്‍സരങ്ങളില്‍ എബ്ഡന്‍ 6-3, 3-6, 6-3, 6-3ന് ജോണ്‍ ഇസ്‌നറെയും ജോ വില്‍ഫ്രഡ് സോങ 6-4, 6-4, 6-1ന് കിങിനെയും മാരിന്‍ സിലിച്ച് 6-2, 6-2, 4-6, 7-6ന് പോസ്പിസിലിനെയും അര്‍ജന്റീനയുടെ പാബ്ലോ ക്യുവാസ്, ഉസ്ബെക്കിസ്താന്റെ ഡെനിസ് ഇസ്റ്റോമിന്‍ എന്നിവര്‍ രണ്ടാംറൗണ്ടിലേക്ക് മുന്നേറി.

അഞ്ചാം സീഡായ വീനസിനെ ലോക റാങ്കിങില്‍ 78ാം സ്ഥാനത്തുള്ള സ്വിസ് യുവതാരം ബെലിന്‍ഡ ബെന്‍സിച്ച് അട്ടിമറിക്കുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 20 കാരിയുടെ വിജയം. സ്‌കോര്‍: 6-3, 7-5.
13ം സീഡായ സ്റ്റീഫന്‍സിനെ ലോക റാങ്കിങില്‍ 34ാമതുള്ള ചൈനീസ് താരം സാങ് ഷുവായിയാണ് അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഷുവായിയുടെ വിജയം. ആദ്യ സെറ്റില്‍ 6-2ന്റെ മിന്നുന്ന ജയം നേടിയ ശേഷമാണ് അമേരിക്കന്‍ താരം മല്‍സരം കൈവിട്ടത്. രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ 6-7ന് കൈവിട്ട സ്റ്റീഫന്‍സിനെ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഷുവായ് നിഷ്പ്രഭനാക്കി (6-2). കഴിഞ്ഞ സപ്തംബറില്‍ യുഎസ് ഓപ്പണില്‍ കിരീടം നേടിയ ശേഷം സ്റ്റീവന്‍സിന് കഷ്ടകാലമാണ്. പിന്നീട് കളിച്ച ഒരു മല്‍സരത്തില്‍ പോലും അമേരിക്കന്‍ താരത്തിനു വിജയിക്കാന്‍ സാധിച്ചിട്ടില്ല.

മറ്റു വനിതാ സിംഗിള്‍സ് മല്‍സരങ്ങളില്‍ ലാത്വിയയുടെ യെലേന ഒസ്റ്റാപന്‍െകോ 6-1, 6-4ന് ഫ്രാന്‍സസെക് ഷിയാവോനിനെയും ജര്‍മനിയുടെ ജൂലിയ ഗോര്‍ജസ് 6-4, 6-4ന് അമേരിക്കന്‍ താരം സോഫിയ കെനിനെയും സ്ലൊവാക്യയുടെ മഗ്ദലേന റൈബറിക്കോവ 6-0, 7-5ന് ടെയ്‌ലര്‍ ടൗണ്‍സെന്റിനെയും കെയ് കനെപ്പി 6-2, 6-2ന് ഡാനിയേല സിബുല്‍ക്കോവയെയും പരാജയപ്പെടുത്തി. പുരുഷ സിംഗിള്‍സില്‍ ക്യുവാസ് റഷ്യന്‍ താരം മിഖായേല്‍ യൂഴ്‌നിയെ 7-6, 6-3, 7-5നും ഇസ്‌റ്റോമിന്‍ 6-2, 6-1, 5-7, 7-6ന് ഹെര്‍ബേര്‍ട്ടിനെയും തോല്‍പ്പിച്ചു.