മെല്‍ബണ്‍: ലോക ഒന്നാംനമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഓസ്ട്രിയന്‍ താരം ഡൊമനിക് തീം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍ കടന്നു. നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് നദാല്‍ കീഴടങ്ങിയത്. സ്‌കോര്‍ 7-6, 7-6, 4-6, 7-6. നാലു സെറ്റുകളിലും മൂന്നെണ്ണവും ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ നദാലിനെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത തീം വിജയം സ്വന്തമാക്കുകയായിരുന്നു.
നിക്ക് കിര്‍ഗോയോസിനെതിരെ നാലാം റൗണ്ടില്‍ വിയര്‍ത്താണ് നദാല്‍ ക്വാര്‍ട്ടറിലെത്തിയത്. സെമിയില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മൂന്നാം സെറ്റില്‍ മാത്രമാണ് സ്പാനിഷ് താരത്തിന് ആധിപത്യം നേടാനായത്. ലോക അഞ്ചാം നമ്പര്‍ താരമായ തീം നദാലിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് വിജയം പിടിച്ചെടുത്തത്. ഏഴാം സീഡ് അലക്‌സാണ്ടര്‍ സ്വെരേവ് ആണ് സെമിയില്‍ തീമിന്റെ എതിരാളി.

നേരത്തെ, സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെ ക്വാര്‍ട്ടറില്‍ മറികടന്നാണ് സ്വെരേവ് സെമിയിലെത്തിയത്. സ്‌കോര്‍ 1-6, 6-3, 6-4, 6-2. ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം തുടര്‍ന്നുള്ള മൂന്നു സെറ്റിലും സ്വെരേവ് അനായാസ വിജയം സ്വന്തമാക്കി. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും ലോക രണ്ടാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചും തമ്മിലാണ് രണ്ടാമത്തെ സെമി ഫൈനല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴു കിരീടങ്ങള്‍ സ്വന്തമായുള്ള ദ്യോക്കോവിച്ച് എട്ടാംതവണ ചാമ്പ്യനാകാനുള്ള ഒരുക്കത്തിലാണ്.