For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Australian Open: ജോക്കോയോ, അല്‍ക്കാരസോ? ആ പൊന്‍തൂവല്‍ ആര്‍ക്ക്; ഐതിഹാസിക ഫൈനല്‍

By P R Vandana

മെല്‍ബണ്‍: ഞായറാഴ്ച നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം ഫൈനല്‍ കിരീടത്തിന് വേണ്ടി മാത്രമല്ല. ചരിത്രത്തില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ക്കാന്‍ കൂടി വേണ്ടിയാണ്. നൊവാക് ജ്യോക്കോവിച്ച് 25 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന അതുല്യനേട്ടം സ്വന്തമാക്കുമോ? അതോ കാര്‍ലോസ് അല്‍ക്കരാസ് കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാവുമോ? രണ്ട് തലമുറകള്‍ തമ്മിലുള്ള പോരാട്ടം ഐതിഹാസികമാവുന്നു.

കലാശപ്പോരാട്ടത്തിലേക്ക് ജ്യോക്കോവിച്ചിനും അല്‍ക്കരാസിനും വഴി തുറന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ വെറും കളികളായിരുന്നില്ല, പോരാട്ടങ്ങള്‍ തന്നെ ആയിരുന്നു. നിലവിലെ ചാമ്പ്യന്‍ യാനിക് സിന്നറെ നാല് മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ തോല്‍പിച്ചാണ് നൊവാക് ജ്യോക്കോവിച്ച് തന്റെ പതിനൊന്നാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തിയത്.

Australian Open 2026-DJOKOVIC- ALCARAZ

ഫൈനല്‍ പ്രവേശനം

ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനുമാണ് 38കാരനായ ജ്യോക്കോവിച്ച്. ഇതിന് മുമ്പ് രണ്ടുപേരും ഏറ്റുമുട്ടിയ അഞ്ച് അവസരങ്ങളിലും സിന്നര്‍ ജ്യോക്കോവിച്ചിനെ തോല്‍പിച്ചിരുന്നു. ഇന്നലെ സെമിയില്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ മേല്‍ക്കൈ നേടാന്‍ ജ്യോക്കോവിച്ച് എട്ട് ബ്രേക്ക് പോയിന്റുകളാണ് രക്ഷപ്പെടുത്തിയെടുത്തത്. സ്‌കോര്‍ 3-6, 6-3, 4-6, 6-4,6-4.

ഇക്കുറി ടൂര്‍ണമെന്റില്‍ സെമി വരെയെത്താന്‍ എതിരാളികളുടെ പരിക്ക് ജ്യോക്കോവിച്ചിന് വാക്കോവറിന് സഹായിച്ചിരുന്നു. മൂന്നാം റൗണ്ടിലും ക്വാര്‍ട്ടറിലും. ആ വരവിന്റെ എല്ലാ അനാസായതയും മാറ്റിവെച്ച് സെര്‍ബിയന്‍ ഇതിഹാസത്തിന്റെ മുഴുവന്‍ വീര്യവും പുറത്തെടുക്കാന്‍ സെമി മല്‍സരം സഹായിച്ചു. പ്രിയപ്പെട്ട ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ ഒരു കിരീടം കൂടി നേടി ടെന്നീസ് ചരിത്ര പുസ്തകത്തിലെ തന്റെ പേജ് ഒരിക്കല്‍ കൂടി പുതുക്കാനുള്ള അവസരമാണ് ജ്യോക്കോവിച്ചിന് മുന്നില്‍ ഇപ്പോള്‍ ഉള്ളത്.

ആ സ്വപ്‌നനേട്ടത്തിനും ജ്യോക്കോവിച്ചിന് പോരാടേണ്ടി വരും എന്നുറപ്പാണ്. ആദ്യമായിട്ടാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ കാര്‍ലോസ് അല്‍ക്കരാസ് എത്തുന്നത്. ഇതുവരെ കിട്ടാത്ത ഒരു കിരീടം എന്നത് മാത്രമല്ല അല്‍ക്കരാസിന്റെ മുന്നിലുള്ള ലക്ഷ്യം. 22ാം വയസ്സില്‍ കരിയര്‍ ഗ്ലാന്‍ഡ് സ്ലാം തികച്ചാല്‍ സ്‌പെയിനില്‍ നിന്ന് ടെന്നീസിന്റെ വിജയവഴിയില്‍ മുന്നേ നടന്ന റാഫേല്‍ നദാലിനെയും തിരുത്താനുള്ള അവസരം കൂടിയാണ്.

സെമി ഫൈനല്‍ അല്‍ക്കരാസിനും കടുപ്പമായിരുന്നു. അഞ്ച് മണിക്കൂറും 27 മിനിറ്റും നീണ്ട സെമി ഫൈനലില്‍ അലക്‌സാണ്ടര്‍ സ്വെരേവിനെയാണ് അല്‍ക്കരാസ് തോല്‍പിച്ചത്. സ്‌കോര്‍ 6-4. 7-6, 6-7, 6-7,7-5 എന്ന സ്‌കോര്‍ നിലയില്‍ തന്നെ വ്യക്തമാണ് മത്സരത്തിന്റെ ആവേശം. മത്സരത്തിനിടെ പേശീവലിവ് കാരണം അല്‍ക്കരാസ് മുടന്തിത്തുടങ്ങിയിരുന്നു. മത്സരം തുടരവേ മെഡിക്കല്‍ ബ്രേക്കും എടുത്തു. എന്നിട്ടും അല്‍ക്കരാസ് തിരിച്ചുവന്നു. വിട്ടുകൊടുക്കില്ലെന്ന വാശിയോടെ.

അവസാന സെറ്റില്‍ മുന്നില്‍ നിന്ന സ്വരേവിനെ മറികടക്കാന്‍ അല്‍ക്കരാസ് പായിച്ച ഡ്രോപ് ഷോട്ടുകളും ഫോര്‍ഹാന്‍ഡുകളും കാണികളെ ആവേശത്തിലാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും സമയമെടുത്ത സെമി ഫൈനലില്‍ വിജയം അല്‍ക്കരാസിനൊപ്പം. പരിക്കിന്റെ വേദനയ്ക്കും ആവലാതികള്‍ക്കും ഇടയിലും തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഉറപ്പിച്ച് നടത്തിയ പോരാട്ടം എന്നുമെന്നും ടെന്നീസ് ചരിത്രത്തില്‍ ഉണ്ടാവും, അതുറപ്പാണ്.

ദൈര്‍ഘ്യമേറിയ സെമിഫൈനല്‍ മത്സരങ്ങളുടെ ക്ഷീണവുമായി പരിക്കുകളുമായി മല്ലിട്ടാണ് രണ്ട് കളിക്കാര്‍ നാളെ കിരീടത്തിനായി മൈതാനത്ത് ഇറങ്ങുന്നത്. രണ്ടു പേര്‍ക്കും പരിക്ക് മാത്രമല്ല പൊതുവായിട്ടുള്ളത്. തോല്‍ക്കാന്‍ മനസ്സില്ലെന്ന പോരാട്ടവീര്യവുമാണ്.

പിന്നെ രണ്ടുപേരുടെയും മുന്നില്‍ നേടാനുള്ള വലിയ ചരിത്രനേട്ടത്തിന്റെ തിളക്കവുമുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൈതാനത്ത് ഞായറാഴ്ച പോരാട്ടത്തിന്റെ ആവേശച്ചൂട്. കാത്തിരിക്കാം, ഏത് താരത്തിന്റെ റെക്കോഡ് പുസ്തകമാണ് തിരുത്തപ്പെടുക എന്ന്.

Story first published: Saturday, January 31, 2026, 12:33 [IST]
Other articles published on Jan 31, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+