Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Australian Open 2026: ജോക്കോ വീണു!! ഇനി അല്‍കാരസിന്റെ സമയം, പിറന്നത് പുതുചരിത്രം

മെല്‍ബണ്‍: പ്രായത്തിലും നേട്ടങ്ങളിലും തനിക്ക് മുന്നേ നടക്കുന്ന സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജ്യോക്കോവിച്ചിനെ തോല്‍പിച്ച് കാര്‍ലോസ് അല്‍കാരസ് തന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേടിയ അല്‍കാരസ് സ്വന്തം നാട്ടുകാരനായ, ടെന്നീസ് ഇതിഹാസങ്ങളില്‍ ഒരാളായ റാഫെല്‍ നദാലിന്റെ റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുന്നു.

കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. (ഇരുപത്തിനാലാം വയസ്സിലാണ് നദാല്‍ കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേടിയത്). ഇരുപത്തിയഞ്ച് ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന റെക്കോഡിലേക്ക് എത്താന്‍ ജ്യോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം. പക്ഷേ അത് ഇപ്പോഴും അസാധ്യമായ ഒന്നല്ലെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അറിയാം.

Carlos Alcaraz- Australian Open 2026

മുപ്പത്തിയെട്ടാം വയസ്സിലും പരിക്കുകളോട് പോരാടി പതിനൊന്നാം തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തിയ സെര്‍ബിയന്‍ താരത്തിന്റെ വീറും വാശിയും വീര്യവും അത്രമേല്‍ അനുപമമാണ് എന്നത് തന്നെ കാരണം. ഇന്ന് കിരീട നേട്ടത്തിനൊപ്പം റെക്കോഡിന്റെ പെരുമയും ലക്ഷ്യമിട്ടാണ് രണ്ട് ഫൈനലിസ്റ്റുകളും കളിക്കാന്‍ ഇറങ്ങിയത്.

രണ്ടുപേര്‍ക്കും തലവേദനയായി പരിക്കുമുണ്ടായിരുന്നു. ലോക ഒന്നാം നമ്പര്‍ താരമായ അല്‍കാരസിന് എതിരെ ആദ്യ സെറ്റ് ജ്യോക്കോവിച്ച് നേടി. രണ്ടാം സെറ്റിന്റെ തുടക്കം മുതല്‍ രണ്ടുപേരും പൊരുതിക്കളിച്ചു. വിട്ടുകൊടുക്കാതെ പോരാടി അല്‍കാരസ് രണ്ടാം സെറ്റ് നേടി.

മൂന്നാംസെറ്റിലും പോരാട്ടം മോശമായില്ല. പക്ഷെ അല്‍കാരസ് തന്നെ മുന്നിലെത്തി. നാലാം സെറ്റില്‍ വീറും വാശിയും കൂടി. ആദ്യം അല്‍കാരസ്. പിന്നെ ജ്യോക്കോവിച്ച്. അങ്ങനെ മത്സരം ടൈ ബ്രേക്കറില്‍. ഒടുവില്‍ സെറ്റും ജയവും അല്‍കാരസിന്. ആദ്യമായി അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. സ്‌കോര്‍ 6-2, 2-6, 6-3, 7-5.

പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ജ്യോക്കോവിച്ചിനെ ആ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ ഇതാദ്യമായി തോല്‍പിച്ച താരമായി അല്‍കാരസ്. ഇത് മൂന്നാം തവണയാണ് ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ അല്‍കാരസ് ജ്യോക്കോവിച്ചിനെ തോല്‍പ്പിക്കുന്നത്.

ഇതിനു മുമ്പ് രണ്ട് തവണയും വിംബിള്‍ഡണ്‍ ആയിരുന്നു വേദി. 2023ലും 2024ലും. രണ്ട് വിംബിള്‍ഡണ്‍ ഉള്‍പ്പെടെ ഏഴ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ഇരുപത്തി രണ്ടാമത്തെ വയസ്സിനിടെ അല്‍കാരസ് നേടിയത്. യുഎസ് ഓപ്പണും ഫ്രഞ്ച് ഓപ്പണും രണ്ടു തവണ നേടി. 2022ലും 25ലുമാണ് യുഎസ് ഓപ്പണ്‍ നേടിയത്.

റോളങ് ഗാരോസില്‍ ഹാട്രിക് കിരീടം നേടാനുള്ള അവസരമാണ് ഇക്കുറി അല്‍കാരസിന് മുന്നിലുള്ളത്. 2024ലും 25ലും കിരീടം അല്‍കാരസിനായിരുന്നു. കഴിഞ്ഞ തവണ ടെന്നീസിലെ സ്ഥിരം എതിരാളി യാനിക് സിന്നറിനെയാണ് അല്‍കാരസ് തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും നീണ്ട ഫൈനലിന് ഒടുവില്‍.

ഇക്കുറി ഇതുവരെ സ്വന്തമാക്കാന്‍ കഴിയാതിരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ കലാശപ്പോരാട്ടത്തിലേക്ക് എത്തിയതും നീണ്ട മത്സരത്തിന് ശേഷം.അഞ്ച് മണിക്കൂറിലേറെ നീണ്ട സെമിയില്‍ അലക്‌സാണ്ടര്‍ സ്വെരേവിനെയാണ് തോല്‍പ്പിച്ചത്. അതും പരിക്കിന്റെ കഠിന വേദന മറികടന്ന്.

സ്‌പെയിന്റെ ടെന്നീസ് മുഖം റാഫെല്‍ നദാല്‍ ആയിരുന്നു. ഇപ്പോള്‍ നദാലിന്റെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന അല്‍കാരസിന്റെയും. സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ കീഴ്‌പ്പെടാത്ത പോരാട്ടവീര്യമാണ് അല്‍കാരസിന്റെ മുഖമുദ്ര. കളിമണ്ണ് മാത്രമല്ല എല്ലാ പ്രതലങ്ങളും അല്‍കാരസിന് പ്രിയം. ഫോര്‍ഹാന്‍ഡിന് അപാര പ്രഹരശേഷിയാണ്. ഡ്രോപ് ഷോട്ടുകളും അതിഗംഭീരം.

2018ല്‍ പതിനാലാം വയസ്സിലാണ് പ്രൊഫഷണല്‍ ആയത്. നാല് വര്‍ഷത്തിനിപ്പുറം ആദ്യ ഗ്രാന്‍ഡ്സ്ലാം. 2022ല്‍ പതിനെട്ടാം വയസ്സിലാണ് യുഎസ് ഓപ്പണ്‍ നേടിയത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ 19വര്‍ഷവും നാല് മാസവും പ്രായമായപ്പോള്‍ ലോക ഒന്നാം നമ്പര്‍ പദവി.

ആ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍, 2026ല്‍ ഇതാ കരിയര്‍ ഗ്രാന്‍ഡ് സ്ലാം. അല്‍കാരസ് മുന്നേറുക തന്നെയാണ്. അയാള്‍ക്ക് മുന്നില്‍ ചരിത്രം തന്നെ വഴിമാറുന്നു.

Story first published: Sunday, February 1, 2026, 18:10 [IST]
Other articles published on Feb 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+