ലണ്ടന്‍: എടിപി ഫൈനല്‍സ് ടെന്നിസ് ടൂര്‍ണമെന്റ് കിരീടം റഷ്യക്കാരന് ഡാനില്‍ മെദവ്ദേവിന്. നാലാം സീഡുകാരനായ മെദവ്ദേവ് മൂന്നാം സീഡായ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 44 മിനുട്ടും നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് മെദവ്ദേവിന്റെ ജയം. സ്കോര്‍ 4-6,7-6,6-4. മെദവ്ദേവിന്റെ ആദ്യ എടിപി ഫൈനല്‍ കിരീടമാണിത്. ഇതുവരെ ഒരു ഗ്രാന്റ്സ്ലാം കിരീടം നേടാന്‍ പോലും 24കാരനായ മെദവ്ദേവിന് സാധിച്ചിട്ടില്ല. ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ട് തവണ നാലാം റൗണ്ടില്‍ കടക്കുകയും വിംബിള്‍ഡണില്‍ രണ്ട് തവണ മൂന്നാം റൗണ്ടില്‍ കടക്കുകയും ചെയ്തിട്ടുള്ള റഷ്യന്‍ താരം 2019ലെ യുഎസ് ഓപ്പണ്‍ ഫൈനല്‍ കളിച്ചിരുന്നു.
'എന്താണ് എനിക്ക് ചെയ്യാന്‍ സാധിക്കുന്നതെന്ന് ഞാന്‍ തെളിയിച്ചിരിക്കുന്നു. ശാരീരികമായും മാനസികമായും സന്തോഷവാനായതിനാല് നന്നായി കളിക്കാന്‍ സാധിച്ചു. എന്റെ കഴിവുകളെ എനിക്കറിയാം. അത് തെളിയിക്കുക മാത്രമാണ് ചെയ്യേണ്ടിയിരുന്നത്'-മത്സര ശേഷം മെദവ്ദേവ് പറഞ്ഞു. തീമിന് മെദവ്ദേവിനെക്കാളും അനുഭവസമ്പത്തും നേട്ടങ്ങളും ഉണ്ടെങ്കിലും കിരീടത്തിലേക്കെത്താനായില്ല. ഇത്തവണത്തെ യുഎസ് ഓപ്പണ്‍ ജേതാവാണ് തീം. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിക്കാനും തീമിന് സാധിച്ചിരുന്നു. ഫൈനലിലെ മെദവ്ദേവിന്റെ പ്രകടനത്തെ തീം അഭിനന്ദിച്ചു.
സൂപ്പര്‍ താരങ്ങളെ തകര്‍ത്താണ് മെദവ്ദേവും തീമും ഫൈനലില്‍ സീറ്റുറപ്പിച്ചത്. നൊവാക് ജോക്കോവിച്ചിന്റെ മികവിനെയാണ് സെമി ഫൈനലില്‍ തീം തോല്‍പ്പിച്ചത്. 7-5,6-7 എന്ന സ്കോറിന് ആദ്യ രണ്ട് സെറ്റ് ഇരു താരങ്ങളും പങ്കിട്ടതോടെ മൂന്നാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടു. ടൈ ബ്രേക്കറില്‍ ജോക്കോവിച്ച് ജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെ 7-6ന് സെറ്റ് പിടിച്ചെടുത്ത തീം സെമിയിലെ ജയവും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു. അവസാന സീസണിലും റണ്ണറപ്പായിരുന്നു തീം. അതേ സമയം റാഫേല്‍ നദാലിനെ വീഴ്ത്തിയാണ് മെദവ്ദേവ് ഫൈനലിലേക്ക് കുതിച്ചത്. മൂന്ന് സെറ്റുകളാണ് ഈ പോരാട്ടവും നീണ്ടത്. ആദ്യ സെറ്റ് നദാല്‍ നേടിയപ്പോള്‍ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ നേടി മെദവ്ദേവ് ഫൈനല്‍ ടിക്കറ്റെടുത്തു. സ്കോര്‍ 3-6,6-7,6-3. ഗ്രാന്റ്സ്ലാം കിരീടങ്ങളടക്കം നിരവധി റെക്കോഡുകള്‍ നദാലിന്റെ പേരിലുണ്ടെങ്കിലും ഇതുവരെ എടിപി ഫൈനല്‍സ് കിരീടം നേടാന്‍ നദാലിന് സാധിച്ചിട്ടില്ല. കന്നി എടിപി ഫൈനല്‍സ് കിരീടമെന്ന മോഹമാണ് മെദവ്ദേവ് തകര്‍ത്തത്.