ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന് തൊട്ടു മുന്‍പ് ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ഗെയിംസില്‍നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പുതിയ ഡബിള്‍സ് ടീമിനെ നിശ്ചയിച്ചു. രാംകുമാര്‍ രാംനാഥനൊപ്പം സുമിത് നഗല്‍ ഡബിള്‍സ് കളിക്കും. നേരത്തെ സുമിത് നഗലിനൊപ്പം ഡബിള്‍സ് പങ്കാളിയാക്കിയതിനെ തുടര്‍ന്നാണ് പേസ് പിന്മാറിയത്.
രാംകുമാര്‍ രാംനാഥന് ഇന്ത്യയ്ക്കുവേണ്ടി സിംഗിള്‍സ് കളിക്കുന്നുണ്ട്. ഇത് കൂടാതെയാണ് ഡബിള്‍സിലും കളിക്കാമെന്ന് സമ്മതിച്ചത്. ഇതോടെ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ രൂപമായെന്ന് കോച്ചും ക്യാപ്റ്റനുമായ സീഷന്‍ അലി പറഞ്ഞു. പ്രജ്നേഷ് ഗുണേശ്വരനാണ് സിംഗിള്‍സ് കളിക്കുന്ന മറ്റൊരു താരം.
രോഹന് ബോപണ്ണ ദിവിജ് ശരണ്‍ ടീമാണ് ഇന്ത്യയ്ക്കുവേണ്ടി ഡബിള്‍സ് കളിക്കുന്ന മറ്റൊരു ടീം. മിക്സഡ് ഡബിള്‍സില്‍ അങ്കിത റെയ്ന രോഹന് ബോപണ്ണയ്ക്കൊപ്പവും, കരണ്‍ കൗര്‍ ശരണിനൊപ്പവും കോര്‍ട്ടിലിറങ്ങും. വനിതാ ഡബിള്‍സില്‍ റുതുജ ഭോണ്‍സാലെ, പ്രഞ്ചല യാദ്ലപ്പള്ളി ടീം ആണ് ഇറങ്ങുക. നാലു വര്‍ഷം മുന്‍പ് അഞ്ച് മെഡലുകളാണ് ഇന്ത്യ ടെന്നീസ് കോര്‍ട്ടില്‍ നിന്നും നേടിയത്. സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അഭാവം ഇത്തവണ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.