ലണ്ടന്‍: തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്ന് ടെന്നീസ് കോര്‍ട്ടില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രിട്ടീഷ് താരം ആന്‍ഡി മറെ തിരിച്ചെത്തുന്നു. ക്യൂന്‍സ് ക്ലബ്ബ് ടൂര്‍ണമെന്റില്‍ ഡബിള്‍സില്‍ മറെ പങ്കെടുക്കുമെന്ന് ഉറപ്പായി. ശസ്ത്രക്രിയക്കുശേഷം ആദ്യമായി കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മറെ പറഞ്ഞു. ക്യൂന്‍സിലൂടെ തിരിച്ചുവരുന്നത് ഇരട്ടിസന്തോഷമാണ്. ഞാന്‍ ആദ്യ എടിപി മത്സരം കളിച്ച സ്ഥലമാണിത്. ആദ്യ കിരീടവും ഇവിടെയായിരുന്നെന്നും മറെ ഓര്‍മിപ്പിച്ചു.

മൂന്നുതവണ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ മറെ പരിക്ക് വില്ലനായതോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനിറങ്ങിയെങ്കിലും തിളങ്ങാനായില്ല. സ്‌പെയിന്റെ ഫെലിഷ്യാനോ ലോപ്പസുമായി ചേര്‍ന്നാണ് മറെ ഡബിള്‍സ് കളിക്കാനൊരുങ്ങുന്നത്. ഇതോടെ താരം വിംബിള്‍ഡണില്‍ സിംഗിള്‍സ് മത്സരത്തിലും കളിച്ചേക്കുമെന്ന സൂചനയുണ്ട്.
സിംഗിള്‍സ് കോര്‍ട്ടിലേക്ക് മടങ്ങുന്ന കാര്യം തീരുമാനിച്ചില്ലെന്നാണ് മറെയുടെ പ്രതികരണം. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കകം വേദനാമുക്തനായാല്‍ ഇക്കാര്യം ആലോചിക്കും. പരിശീലന വേളയില്‍ തനിക്കിപ്പോള്‍ ആശ്വാസം തോന്നുന്നുണ്ട്. ഈ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു. ജൂണ്‍ 17നാണ് ക്യൂന്‍സ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.