മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സോഫിയ കെനിന് വനിതാ സിംഗിള്‍സില്‍ കിരീടം നേടി. ഫൈനലില്‍ സ്പാനിഷ് താരം ഗാര്ബിന് മുഗുരുസയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് കെനിന് തോല്‍പ്പിച്ചത്. സ്കോര്‍ 4-6, 6-2, 6-2. കരിയറില്‍ ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ ഇരുപത്തിയൊന്നുകാരി ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് മെല്‍ബണില്‍ സ്വന്തമാക്കിയത്.
ആദ്യ സെറ്റില്‍ ഒന്നാന്തരം പ്രകടനമാണ് മുഗുരുസ പുറത്തെടുത്തത്. മികച്ച സര്‍വുകള്‍ കൊണ്ട് മേല്‍ക്കൈ നേടിയ അവര്‍ കോര്‍ട്ടില്‍ നിറഞ്ഞുകളിച്ചു. എന്നാല്‍, രണ്ടാം സെറ്റിന്റെ തുടക്കത്തില്‍തന്നെ മുഗുരുസയെ ബ്രേക്ക് ചെയ്ത കെനിന് സെറ്റ് വിട്ടുകൊടുത്തില്ല. മൂന്നാം സെറ്റിലും മികവ് തുടര്‍ന്ന കെനിന് സെറ്റും കിരീടവും സ്വന്തമാക്കി. സമ്മര്‍ദ്ദത്തിനടിപ്പെട്ട് അനാവശ്യപ്പിഴവുകള് വരുത്തിയതാണ് മുഗുരുസയ്ക്ക് വിനയായത്.
ഹാര്‍ദിക്കിന്റെ മടങ്ങിവരവ് നീളുന്നു, ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമില്ല
പതിനാലാം സീഡായ കെനിന് ഇതിന് മുന്‍പ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെയും പ്രീക്വാര്‍ട്ടര്‍ കടന്നിട്ടില്ല. അത്ഭുതക്കുതിപ്പ് നടത്തിയ അമേരിക്കയുടെ കൊക്കോ ഗൗഫിനേയും ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്ട്ടിയേയും മറികടന്നായിരുന്നു കെനിന് ഫൈനലിലെത്തിയത്. നേരത്തെ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ മുഗുരുസയ്ക്ക് ഫൈനലില്‍ ശോഭിക്കാനായില്ല.