ദില്ലി: പോളണ്ട് ടെന്നീസ് താരം അഗ്നിയേസ്‌ക റഡ്വാന്‍സ്‌ക ടെന്നീസ് കളിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. പതിമൂന്നുവര്‍ഷത്തോളംകാലം ടെന്നീസ് ലോകത്ത് ശ്രദ്ധേയയായതിനുശേഷമാണ് താരം വിരമിക്കുന്നത്. കരിയറില്‍ 20 ഡബ്ലുടിഎ കിരീടങ്ങള്‍ നേടിയ താരം മുന്‍ ലോക രണ്ടാം റാങ്കുകാരിയായിരുന്നു. 2012ല്‍ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാന്‍ കഴിഞ്ഞില്ല.
2008-2016 കാലയളവില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഇക്കാലത്ത് ലോക റാങ്കിങ്ങില്‍ 15 നുള്ളില്‍ സ്ഥിരതനേടാനും കഴിഞ്ഞു. ഒക്ടോബര്‍ 2016നുശേഷം കളിക്കളത്തില്‍നിന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന പോളിഷ് താരം ഇപ്പോള്‍ 75-ാം റാങ്കിലാണുള്ളത്. മത്സരരംഗത്തുള്ള കടുത്ത സമ്മര്‍ദ്ദം അതിജീവിക്കാനാകാതെയാണ് വിരമിക്കല്‍ എന്നാണ് റിപ്പോര്‍ട്ട്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് വിരമിക്കലെന്ന് അഗ്നിയേസ്‌ക പറഞ്ഞു. സമീപകാലത്ത് പരിശീലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. തന്റെ ശരീരം പ്രതീക്ഷിച്ച രീതിയിലല്ല പ്രതികരിക്കുന്നതെന്നും ഇരുപത്തയൊമ്പതുകാരി പറയുന്നു. ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കുന്നതുകൊണ്ടും പ്രൊഫഷണല്‍ ടെന്നീസിലെ അമിത സമ്മര്‍ദ്ദം മൂലവും വിരമിക്കല്‍ തീരുമാനത്തലെത്തുകയായിരുന്നെന്നും താരം വ്യക്തമാക്കി.