മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി20 ലോകകപ്പ് നേട്ടം ഓര്‍ക്കുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് യുവരാജ് സിങ്ങിന്റേത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ചവരുടെ പട്ടികയില്‍ ഒരാളായി മാറിയ യുവരാജിന്റെ 38ാം ജന്മദിനമായിരുന്നു ഇന്ന്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയുടെ ജന്മദിനത്തില് വ്യത്യസ്തമായ ആശംസ നേര്‍ന്നിരിക്കുകയാണ് ഐസിസി.
ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ നേടിയ തുടര്‍ച്ചയായ ആറ് സിക്സറുകളുടെ വീഡിയോ പങ്കുവെച്ചാണ് ഐസിസി യുവരാജിന് ആശംസ നേര്‍ന്നത്. ട്വിറ്ററിലൂടെയായിരുന്നു ഐസിസിയുടെ ആശംസ. അതേ സമയം യഥാര്‍ത്ഥ ചാമ്പ്യന്‍, ഒരുപാട് ആളുകളുടെ പ്രചോദനം എന്ന അടിക്കുറിപ്പോടെയാണ് ബിസിസിഐ യുവരാജിന് ആശംസ നേര്‍ന്നത്. 2011ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയപ്പോഴുള്ള യുവരാജിന്റെ ആഹ്ലാദത്തിന്റെ ചിത്രത്തോടെയാണ് ബിസിസിഐയുടെ ആശംസ.
ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്: റാഞ്ചിയില്‍ വോട്ട് ചെയ്ത് എം എസ് ധോണി, ആര്‍പ്പുവിളിച്ച് ആരാധകര്‍
ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും യുവരാജിന് ആശംസകള്‍ നേര്‍ന്നു. നല്ലൊരു വര്‍ഷം ആശംസിക്കുന്നു. എപ്പോഴും സന്തോഷവാനും ആരോഗ്യവാനായും ഇരിക്കട്ടെയെന്ന ക്യാപ്ഷനോടെയാണ് സുരേഷ് റെയ്ന യുവരാജിന് ആശംസ നേര്‍ന്നത്. ഉയര്‍ന്ന് ചാടുന്ന യുവരാജിന്റെ ചിത്രത്തോടൊപ്പം സന്തോഷത്തോടെ എന്നും ഉയര്‍ന്ന് ചാടട്ടെയെന്ന ക്യാപ്ഷനോടെ ആര് പി സിങും ആശംസ അറിയിച്ചു. ഗൗതം ഗംഭീര്‍, വിരാട് കോലി, സച്ചിന് ടെണ്ടുല്‍ക്കര്‍ തുടങ്ങി പ്രമുഖരെല്ലാം യുവിക്ക്് ആശംസകള്‍ നേര്‍ന്നു.