കൊല്‍ക്കത്ത: ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ താരലേലത്തില്‍ ശ്രദ്ധേയമായ കളിക്കാരനായിരുന്നു യൂസഫ് പഠാന്‍. ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ മത്സരിച്ചിരുന്ന യൂസഫിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ട. ഇത്തവണ താരലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന കളിക്കാരില്‍ പ്രമുഖനായിരുന്നു മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. ജേഷ്ഠനെ ഫ്രാഞ്ചൈസികള്‍ കൈയ്യൊഴിഞ്ഞപ്പോള്‍ ഹൃദയംതൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍.
ഇത് ചെറിയൊരു വിഷയമാണെന്നും, ഇതുകൊണ്ട് താങ്കളുടെ കരിയര്‍ വിലയിരലുത്താന്‍ കഴിയില്ലെന്നും ഇര്‍ഫാന്‍ കുറിച്ചു. കരിയറിലുടനീളം മികച്ച കളി കാഴ്ചവെച്ചിട്ടുണ്ട് നിങ്ങള്‍. ശരിയായ മാച്ച് വിന്നറുമാണ്. എല്ലായിപ്പോഴും സ്‌നേഹിക്കുന്നു ലാല, എന്നുകൂടി എഴുതിയാണ് ഇര്‍ഫാന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. 37-കാരനായ യൂസഫിന് സമീപകാലത്ത് ഫോമിലെത്താന്‍ കഴിയാത്തത് താരലേലത്തിലും തിരിച്ചടിയായി.

ഒരു കോടി രൂപയായിരുന്നു ഇത്തവണ അടിസ്ഥാന വില. ആദ്യ സീസണില്‍ 435 റണ്‍സും എട്ടു വിക്കറ്റും നേടി രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ആദ്യ സീസണില്‍ 21 പന്തിലും, പിന്നീട് 2014ല്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി 15 പന്തിലും അര്‍ധശതകം നേടി അമ്പരപ്പിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നെങ്കിലും തിളങ്ങാനായില്ല. ആദ്യ സീസണുകളില്‍ കോടികള്‍ ലഭിച്ച താരമാണ് യൂസഫ്.
