ദില്ലി: ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാര്‍ തിരിച്ചുവരവിനൊരുങ്ങുന്നു. സപ്തംബര്‍ 14ന് കസാഖ്സ്താനില്‍ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ താരം യോഗ്യത നേടി. ദില്ലിയില്‍ നടന്ന ട്രയല്‍സില്‍ 74 കിലോഗ്രാം വിഭാഗത്തില്‍ സുശീല്‍ ജിതേന്ദറിനെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് ഇടം നേടിയത്.
ട്രയല്‍സില്‍ 4-0 എന്ന നിലയില്‍ ലീഡ് നേടിയശേഷമാണ് സുശീല്‍ 2 പോയന്റ് വഴങ്ങിയത്. തോറ്റെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാന്‍ ജിതേന്ദറിന് ഒരു അവസരം കൂടിയുണ്ട്. 79 കിലോഗ്രാം വിഭാഗത്തില്‍ വീരേന്ദര്‍ ഗുലിയയെ തോല്‍പ്പിച്ചാല്‍ ജിതേന്ദറിനും യോഗ്യത നേടാം. രവി ദാഹിയ(57), ബജ് രംഗ് പൂണിയ(65), ദീപക് പൂണിയ(86), സുമിത് മാലിക്(125) എന്നിവരും ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യക്കാരിയെ വിവാഹം ചെയ്ത പാക് താരത്തോട് സാനിയ മിര്‍സ പറഞ്ഞത്; ആരാധകരുടെ ട്രോളും
നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം ഒരു ഗുസ്തി താരത്തിന് തിരിച്ചവരവ് എളുപ്പമല്ലെന്ന് മത്സരശേഷം സുശീല്‍ കുമാര്‍ പറഞ്ഞു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച വിജയം നേടാന്‍ ഇനിയും കഴിയുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുന്‍ ലോക ചാമ്പ്യനായിരുന്ന സുശീല്‍ രണ്ടുതവണ ഒളിമ്പിക്സ് മെഡല്‍ നേടിയിട്ടുണ്ട്. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന താരത്തിന് ലോക ചാമ്പ്യന്‍ഷിപ്പില്‍ മികവു കാട്ടിയാല്‍ ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിക്കാം.