ലോകകപ്പിലെ അത്യപൂര്‍വ ഹാട്രിക് നേട്ടത്തിനൊരുങ്ങി കോലി; കപ്പില്ലെങ്കില്‍ ക്യാപ്റ്റന്റെ സ്ഥാനം എവിടെ?
സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിസി 2019 ലോകകപ്പില്‍ ഇന്ത്യ ബുധനാഴ്ച ആദ്യ മത്സരത്തിനിറങ്ങുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതുകൊണ്ടുതന്നെ കളിയുടെ എല്ലാ മേഖലയിലും മികവുകാട്ടിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് ജയിച്ചുകയറാന്‍ കഴിയുകയുള്ളൂ. ആത്മവിശ്വാസത്തോടെ തുടങ്ങാന്‍ ഏതു ക്യാപ്റ്റനാണ് ആഗ്രഹിക്കാത്തത്.
ഇന്ത്യ ലോകകപ്പിനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. കഴിഞ്ഞ രണ്ടു ലോകകപ്പില്‍ നിന്നും ഭിന്നമായി ഇക്കുറി ക്യാപ്റ്റനെന്ന നിലയില്‍ കോലി കളിക്കളത്തിലിറങ്ങുമ്പോള്‍ എന്തുസംഭവിക്കുമെന്ന ആകാംഷ ക്രിക്കറ്റ് ആരാധകരിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെങ്കിലും കിരീടനേട്ടമില്ലാതെ മടങ്ങിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ സ്ഥാനം ചരിത്രത്തില്‍ ഇടംപിടിക്കില്ല.

ക്യാപ്റ്റനെന്ന നിലയില്‍ കോലി
1983ലെ ലോകകപ്പ് നേട്ടത്തോടെ കപില്‍ദേവും, 2011ലെ ലോകകപ്പ് നേട്ടത്തോടെ എംഎസ് ധോണിയും ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടവരാണ്. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ വെസ്റ്റിന്‍ഡീസിലും ഇംഗ്ലണ്ടിലും പരമ്പരനേട്ടം കൊയ്ത് ലോകകപ്പില്‍ പരാജിതനായപ്പോള്‍ രാഹുല്‍ ദ്രാവിഡിനെ എഴുതിത്തള്ളി. അതുകൊണ്ടുതന്നെ വിരാട് കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനം എവിടെയായിരിക്കുമെന്നത് ഈ ലോകകപ്പില്‍ വ്യക്തമാകും.

ടൂര്‍ണമെന്റ് ഏറ്റവും കടുത്തത്
ഓസ്‌ട്രേലിയയിലെ ചരിത്രവിജയം ഉള്‍പ്പെടെ റെക്കോര്‍ഡ് പരമ്പര നേട്ടങ്ങള്‍ കൊയ്ത കോലി ഇംഗ്ലണ്ടിലെ മണ്ണില്‍ ചുവടുറപ്പിക്കുമോ?. ടൂര്‍ണമെന്റ് ഏറ്റവും കടുത്തതായിരിക്കുമെന്നാണ് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി പറഞ്ഞത്. ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണിത്. എല്ലാ ടീമുകളോടും ഒരുതവണ ഏറ്റുമുട്ടണം. ആദ്യഘട്ടത്തില്‍ 9 മത്സരങ്ങള്‍. ഏത് ക്യാപ്റ്റനും അത് കഠിനമായിരിക്കും. വെല്ലുവിളി നിറഞ്ഞ ടൂര്‍ണമെന്റാണ് കാത്തിരിക്കുന്നതെന്നും കോലി പറഞ്ഞു.

സെഞ്ച്വറിക്കുവേണ്ടി കളിക്കരുത്
തന്നെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ കോലി തള്ളിക്കളയുന്നില്ല. 2011, 2015 ലോകകപ്പുകളില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തന്നെ കോലി സെഞ്ച്വറി നേടിയിട്ടുണ്ട്. ഇത്തവണയും നേടിയാല്‍ ഹാട്രിക് നേട്ടമാകും. എന്നാല്‍, ബാറ്റിങ്ങിനിറങ്ങുമ്പോള്‍ എന്തെങ്കിലും തെളിയിക്കാന്‍ വേണ്ടിയാകരുതെന്ന് കോലി മുന്നറിയിപ്പ് നല്‍കുന്നു. ആരാധകരുടെ പ്രതീക്ഷകളെ അംഗീകരിക്കുന്നു. ബാറ്റിങ്ങിറങ്ങുമ്പോള്‍ അവര്‍ക്ക് വേണ്ടത് സെഞ്ച്വറിയാണ്. എന്നാല്‍, തന്നെ സംബന്ധിച്ചിടത്തോളം അത് കളിയുടെ ഭാഗം മാത്രമാണെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications