ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ മികച്ച പ്രകടനംകൊണ്ട് കൈയടി നേടിയ താരമാണ് ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെക്ക്. എതിരാളികളുടെ മുന്നേറ്റത്തിന് മുന്നില്‍ പ്രതിരോധക്കോട്ട കെട്ടുന്ന വാന്‍ ഡെക്കിന്റെ മികവിന് ഒടുവില്‍ അര്‍ഹിച്ച നേട്ടമെത്തി. ഈ സീസണിലെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്ക്കാരത്തിനാണ് താരം അര്‍ഹനായത്. ഈ സീസണില്‍ പ്രൊഫഷനല്‍ ഫുട്ബോള്‍ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്ക്കാരവും വാന്‍ ഡെക്കിനായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രീമിയര്‍ ലീഗിലും മികച്ച താരമായത്.
പ്രീമിയര്‍ ലീഗ്: നാടകാന്തം മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്; ലിവര്‍പൂള്‍ സ്വപ്നം പൊലിഞ്ഞു
ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത വാന്‍ ഡെക്കിനെ വിദഗ്ദ്ധസമിതിയാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. ആരാധകരുടെ വോട്ടിങ്ങിലും താരം മുന്നിലായിരുന്നു. ലിവര്‍പൂളിനെ സഹതാരം മുഹമ്മദ് സലാഹ്,സാദിയോ മാനെ,മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ,റഹിം സ്റ്റെര്‍ലിങ്,ചെല്‍സിയുടെ ഏദന്‍ ഹസാര്‍ഡ് എന്നിവരെയെല്ലാം മറികടന്നാണ് വാന്‍ ഡെക്കിന്റെ നേട്ടം. അവസാന സീസണില്‍ സലാഹായിരുന്നു മികച്ച താരം. നേരത്തെ ലൂയിസ് സുവാരസ്, മൈക്കിള്‍ ഓവന് എന്നിവരും ലിവര്‍പൂളിനൊപ്പം ഈ പുരസ്ക്കാരത്തിന് അര്‍ഹരായിട്ടുണ്ട്. ഈ സീസണില്‍ 37 മത്സരം ലിവര്‍പൂളിനൊപ്പം കളിച്ച വാന്‍ ഡെക്ക് നാല് ഗോളും നേടി. 198 ക്ലിയറന്‍സും 18 ബ്ലോക്കും 37 ടാക്കിള്സുമാണ് ഇത്തവണ വാന്‍ ഡെക്ക് നേടിയത്. 73 ശതമാനം ടാക്കിളുകളിലും അദ്ദേഹം വിജയം കണ്ടുവെന്നതാണ് ശ്രദ്ധേയം.
ഹോളണ്ട് ദേശീയ താരമായ 27കാരന് കഴിഞ്ഞ സീസണില്‍ സതാംപ്റ്റണില്‍ നിന്നാണ് ലിവര്‍പൂളിലെത്തിയത്. 51 മത്സരങ്ങളില്‍ ഇതിനോടകം താരം ലിവര്‍പൂള്‍ ജഴ്സിയില്‍ കളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ലിവര്‍പൂള്‍ ഫൈനല്‍ യോഗ്യത നേടിയെടുത്തതിന് പിന്നില്‍ വാന്‍ ഡെക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു.