കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നത് സംബന്ധിച്ച് വലിയ തര്‍ക്കം തന്നെ നടക്കുന്നുണ്ട്. 'ഫാബുലസ് ഫോര്‍'എന്നറിയപ്പെടുന്ന വിരാട് കോലി,സ്റ്റീവ് സ്മിത്ത്,ജോ റൂട്ട്,കെയ്ന്‍ വില്യംസണ്‍ എന്നിവരില്‍ നിന്നാണ് കൂടുതല്‍ പേരും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കുന്നത്. സമീപകാലത്തായി പാകിസ്താന്‍ പരിമിത ഓവര്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസാമിന്റെ പേരും ഈ പട്ടികയിലേക്ക് കടന്നുവന്നിട്ടുണ്ട്.
ഇപ്പോഴിതാ പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ്. 38കാരനായ സൂപ്പര്‍ പേസറിന്റെ അഭിപ്രായത്തില്‍ വിരാട് കോലിയാണ് ഏറ്റവും മികച്ചവന്‍.' നിങ്ങള്‍ ലോകക്രിക്കറ്റിലെ മുഴുവന്‍ ആളുകളെയും നോക്കൂ,നിലവില്‍ കോലിയാണ് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍'-യുട്യൂബ് ചാറ്റ് ഷോയായ ക്രിക്ക് കാസ്റ്റിലൂടെ മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു. കോലി കളിക്കുന്ന ശൈലി നോക്കുക,കണക്കുകൂട്ടലുകളോടെയാണ് അദ്ദേഹം കളിക്കുന്നത്.

മികച്ച ബൗളര്‍ക്കെതിരേ ചിലപ്പോള്‍ 5,6 റണ്‍സ് മാത്രമെ നേടാന്‍ സാധിക്കുന്നുള്ളുവെങ്കില്‍ മോശം ബൗളര്‍ക്കെതിരേ കോലി അതുംകൂടി ചേര്‍ത്ത് നേടുമെന്നും ഇര്‍ഫാന്‍ പറഞ്ഞു. 7 അടി 1 ഇഞ്ചുകാരനായ ഇര്‍ഫാന്‍ 4 ടെസ്റ്റില്‍ നിന്ന് 10 വിക്കറ്റും 60 ഏകദിനത്തില്‍ നിന്ന് 83 വിക്കറ്റും 22 ടി20യില്‍ നിന്ന് 16 വിക്കറ്റുമാണ് പാക് ജഴ്‌സിയില്‍ നേടിയത്. പിഎസ്എല്ലില്‍ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതോടെ താരത്തിന്റെ കരിയര്‍ ഏറെക്കുറെ അവസാനിക്കുകയായിരുന്നു.
നിലവില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സമീപകാലത്തായി വിരാട് കോലി,ബാബര്‍ അസാം പോരാട്ടമാണ് ശക്തം. പാകിസ്താന്റെ യുവതാരവും നായകനുമായ ബാബര്‍ 28 ടെസ്റ്റില്‍ നിന്ന് 44.91 ശരാശരിയില്‍ 1931 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38ടി20യില്‍ നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സുമാണ് ഇതുവരെ നേടിയത്. ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.
ടെസ്റ്റില്‍ ബാബര്‍ ഇനിയും ഏറെ മെച്ചപെടേണ്ടതുണ്ട്. അതേ സമയം കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. പാകിസ്താനെതിരേ മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാനും കോലിക്ക് സാധിക്കും. അന്താരാഷ്ട്ര സെഞ്ച്വറി നേട്ടത്തില്‍ മൂന്നാം സ്ഥാനത്താണ് കോലി (70 സെഞ്ച്വറി). മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് (71),ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (100) എന്നിവരാണ് കോലിക്ക് മുകളിലുള്ളത്.