ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിക്കും ഭാരോദ്വഹക മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്ന. ഇരുവരെയും റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശ കേന്ദ്രകായിക മന്ത്രാലയം അംഗീകരിക്കുന്നതോടുകൂടി പ്രഖ്യാപനമുണ്ടാകും. ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്തും ഖേല്‍ രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.
വിരാട് കോലിയുടെ ശുപാര്‍ശ അംഗീകരിച്ചാല്‍ മൂന്നാമത്തെ ക്രിക്കറ്റ് താരമാകും ഖേല്‍ രത്ന അവാര്‍ഡ് ഏറ്റുവാങ്ങുക. നേരത്തെ സച്ചിന് ടെണ്ടുല്‍ക്കര്‍(1997), എംഎസ് ധോണി(2007) എന്നിവര്‍ ഖേല്‍ രത്ന നേടിയിട്ടുണ്ട്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള വിരാട് കോലി രാജ്യത്തെ ഒട്ടേറെ ജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും രാജ്യത്തിന്റെ അഭിമാനമാണ് വിരാട് കോലി.
ഭാരോദ്വഹക താരം മീരാഭായ് ചാനുവിന്റെയും സമാനതകളില്ലാത്ത പ്രകടനമാണ്. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ താരം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഈ ഇനത്തില്‍ ഒന്നാമതെത്തി. പരിക്കുമൂലം വിശ്രമിക്കുന്നതിനാല്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തിട്ടില്ല. നേരത്തെ കര്‍ണം മല്ലേശ്വരി(1995), കുഞ്ജാറാണി(1996) എന്നീ ഭാരോദ്വഹന താരങ്ങളും ഖേല്‍ രത്ന നേടിയിരുന്നു.