വിശ്വരൂപംകാട്ടി വിരാട് കോലി; സെഞ്ച്വറിയടിക്കുമെന്ന് ആ താരത്തിന് വാക്കുകൊടുത്തു, പാലിച്ചു
കൊല്‍ക്കത്ത: ജയിച്ചില്ലെങ്കില്‍ ഐപിഎല്‍ പ്ലേ ഓഫില്‍നിന്നും ഏറെക്കുറെ പുറത്താകുമെന്ന് ഉറപ്പിച്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആശ്വാസം ജയം നേടിയപ്പോള്‍ താരമായത് ക്യാപ്റ്റന്‍ വിരാട് കോലി. ഐപിഎല്ലിലെ തന്റെ അഞ്ചാം സെഞ്ച്വറി നേടിയ കോലിയുടെ ഇന്നിങ്‌സാണ് ടീമിന് കരുത്തായത്.
റണ്‍മഴ കണ്ട പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയില്‍ നിതീഷ് റാണയും (85*) സൂപ്പര്‍ താരം ആന്ദ്രെ റസ്സലും (65) നടത്തിയ വെട്ടിക്കെട്ട് ഇന്നിങ്സുകള്‍ കെകെആറിനെ ജയത്തിന് അരികിലെത്തിച്ചിരുന്നു. അഞ്ചു വിക്കറ്റിന് 203 റണ്‍സെടുത്ത് കെകെആര്‍ മത്സരം കൈവിടുകയായിരുന്നു. ബാംഗ്ലൂര്‍ 10 റണ്‍സിന്റെ ജയം സ്വന്തമാക്കി.

ഡിവില്ലിയേഴ്‌സിന് വാക്കുകൊടുത്തു
സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സ് കളിക്കാതിരുന്ന മത്സരത്തിലായിരുന്നു ബാംഗ്ലൂരിന് ജയം. മത്സരത്തിനിറങ്ങുന്നതിന് മുന്‍പ് താങ്കള്‍ക്കുവേണ്ടി സെഞ്ച്വറി നേടുമെന്ന് ഡിവില്ലിയേഴ്‌സിന് വാക്കുകൊടുത്തിരുന്നെന്ന് വിരാട് കോലി പറഞ്ഞു. അതുകൊണ്ടുതന്നെ സെഞ്ച്വറി നേടിയതില്‍ ഡിവില്ലിയേഴ്‌സിന് അതിയായ സന്തോഷമുണ്ടായിരിക്കും. മത്സരം മാറ്റിമറിച്ച മോയീന്‍ അലിയാണ് തന്നെ സ്വതസിദ്ധമായ കളി കാഴ്ചവെക്കാന്‍ സഹായിച്ചതെന്നും കോലി വ്യക്തമാക്കി.

തകര്‍ത്തടിച്ച് കോലി
ആദ്യ അമ്പത് റണ്‍സ് നേടാന്‍ കോലിക്ക് 40 പന്തുകള്‍ വേണ്ടിവന്നു. എന്നാല്‍, രണ്ടാമത്തെ 50ന് 17 പന്തുകള്‍ മാത്രമാണ് നേരിട്ടത്. 58 പന്തിലായിരുന്നു കോലിയുടെ സെഞ്ച്വറി. ഐപിഎല്ലില്‍ മറ്റൊരു ക്യാപ്റ്റനും 5 സെഞ്ച്വറികള്‍ നേടിയിട്ടില്ല. 6 സെഞ്ച്വറികളുമായി ക്രിസ് ഗെയ്‌ലാണ് മുന്നില്‍. ടീമിന് ഏറ്റവും നിര്‍ണായകമായ സമയത്ത് നേടിയ സെഞ്ച്വറിക്ക് ഏറെ പ്രാധാന്യവുമര്‍ഹിക്കുന്നു.

ബൗളര്‍മാരും മികവുകാട്ടി
ഒരവസരത്തില്‍ ബാംഗ്ലൂര്‍ തോല്‍വി മുന്നില്‍ കണ്ടതാണ്. നിതീഷ് റാണയും ആന്ദ്രെ റസ്സലും തകര്‍ത്തടിച്ചപ്പോള്‍ അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ കാട്ടിയ മനസ്സാന്നിധ്യം ടീമിന് തുണയായി. നേരത്തെ ഇതേ ടീമിനെതിരെ ബാംഗ്ലൂരില്‍ നടന്ന മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടിയിട്ടും ആര്‍സിബി തോറ്റിരുന്നു. അന്ന് ബൗളര്‍മാരെ കോലി വിമര്‍ശിച്ചെങ്കിലും ഇത്തവണ ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ മികവുകാട്ടിയെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications