ധോണിക്കും ജാദവിനും കൂവല്‍, പതുക്കെ കളിച്ച് കളി തോറ്റുകൊടുത്തു?; കോലിക്ക് പറയാനുള്ളത്
ബര്‍മിങ്ഹാം: ഇത്തവണ ലോകകപ്പില്‍ ഇതാദ്യമായി ഇന്ത്യ തോല്‍വി വഴങ്ങിയിരിക്കുകയാണ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സെന്ന വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് 306 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരുപക്ഷേ അവസാന ഓവറുകളില്‍ കളി പതുക്കെയാക്കിയിരുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം മറികടക്കാനാകുമെന്ന വാദം ഉയരുന്നുണ്ട്.
എംഎസ് ധോണിയും കേദാര്‍ ജാദവുമായിരുന്നു അവസാന ഓവറുകളില്‍ ക്രീസിലുണ്ടായിരുന്നത്. എന്നാല്‍, ഇംഗ്ലീഷ് ബൗളര്‍മാരുടെ പന്തുകളില്‍ സിംഗിളുകളെടുക്കാന്‍ മാത്രമേ ഇന്ത്യ താരങ്ങള്‍ ശ്രമിച്ചുള്ളൂ. അവസാന ഓവറില്‍ മാത്രമാണ് ധോണി ആക്രമണം പുറത്തെടുത്തത്. തോല്‍വി ഇന്ത്യയുടെ സെമി പ്രതീക്ഷകളെ തല്ലിക്കെടുത്തില്ലെന്ന ഉറപ്പില്‍ പാക്കിസ്ഥാനെ പുറത്താക്കാനാണ് മത്സരം തോറ്റുകൊടുത്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

കോലിക്ക് പറയാനുള്ളത്
ധോണിയും ജാദവും ക്രീസിലെത്തുന്നതുവരെ വേഗതയുണ്ടായിരുന്ന ഇന്ത്യന്‍ സ്‌കോറിങ്ങിന് പൊടുന്നനെ വേഗത കുറഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു. വിക്കറ്റുകള്‍ തുടരെ നഷ്ടമായത് വലിയ സ്‌കോര്‍ പിന്തുടരുന്നതിന് തടസ്സമായെന്ന് കോലി പറഞ്ഞു. ധോണി ബൗണ്ടറി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാത്തതാണ് സ്‌കോര്‍ പതുക്കെയായതെന്നാണ് ക്യാപ്റ്റന്റെ വിശദീകരണം.

അടുത്ത മത്സരത്തില്‍ മാറ്റം വരുത്തും
മത്സരത്തിന്റെ അവസാനം ബാറ്റ് ചെയ്യുക ദുഷ്‌കരമായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാര്‍ നന്നായി പന്തെറിയുകയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള കളിയെക്കുറിച്ച് ടീം കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും അതിനനുസരിച്ച് അടുത്ത മത്സരത്തില്‍ മാറ്റം വരുത്തുമെന്നും കോലി വ്യക്തമാക്കി. 33 പന്തില്‍ 45 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ പുറത്തായശേഷം ഇന്ത്യ തോല്‍വി സമ്മതിച്ച രീതിയിലാണ് കളിച്ചെന്ന് പരക്കെ ആക്ഷേപമുണ്ട്.

ധോണിക്കും ജാദവിനും കൂവല്‍
ജാദവും ധോണിയും ചേര്‍ന്ന് കളി പതുക്കെയാക്കിയപ്പോള്‍ കാണികളില്‍നിന്നും കൂവലുയര്‍ന്നിരുന്നു. ഓവറില്‍ 10 റണ്‍സ് ശരാശരിയില്‍ റണ്‍സ് വേണ്ടപ്പോഴായിരുന്നു സിംഗിളുകളുമായി കളി വിരസമാക്കിയത്. ഇരുവരും 31 പന്തുകള്‍ നേരിട്ടപ്പോള്‍ 7 ഡോട്ട് ബോളുകള്‍ വന്നു. 20 സിംഗിളുകളും ഒരു സിക്‌സറും 3 ബൗണ്ടറികളുമാണ് ഇത്രയും പന്തില്‍നിന്നും നേടിയത്. കമന്റേര്‍മാരായ നാസര്‍ ഹുസൈനും സൗരവ് ഗാംഗുലിയും ഇവരുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications