മുംബൈ: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരങ്ങളിലൊരാളുമായ സുനില്‍ ഗവാസ്‌കര്‍. പ്രതിഭയുടെ കാര്യത്തില്‍ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമാണ് കോലിയുടെ നേതൃത്വത്തിലുള്ളതെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും കരുത്തിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ടെസ്റ്റില്‍ മികച്ച ബൗളിങ് കരുത്ത് അത്യാവശ്യമാണ്. ഇന്ന് ഇന്ത്യക്ക് മികച്ച ബൗളിങ് കരുത്തുണ്ടെന്ന് ഒരു സംശയവുമില്ലാതെ പറയാം. എന്നാല്‍ ടീമിന്റെ 20 വിക്കറ്റ് മാത്രം വീഴ്ത്തിയിട്ട് കാര്യമില്ല. മികച്ച ബാറ്റിങ് പ്രകടനം കൂടി നടത്തിയാലേ വിജയിക്കാന്‍ സാധിക്കു. 2017ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയും 2018ലെ ഇംഗ്ലണ്ട് പര്യടനവും നോക്കുക.

ഇന്ത്യന്‍ ബൗളര്‍മാര്‍ 20 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ ഇന്ന് ഓസ്‌ട്രേലിയയില്‍ അവരുടെ ബാറ്റിങ് നിരയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'-ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഏത് സാഹചര്യത്തിലും പൊരുതാന്‍ കഴിയുന്ന ടീമാണ് ഇന്നത്തേത്. സാഹചര്യങ്ങളുടെ ആനുകൂല്യം ഇന്നത്തെ ടീമിന് ആവിശ്യമില്ല.
ബാറ്റിങ് നോക്കുമ്പോള്‍ 1980ലെ ടീമിന് സമാനമായാണ് തോന്നുന്നത്. എന്നാല്‍ ഇന്ന് വിരാട് കോലിക്കൊപ്പമുള്ള അത്ര മികച്ച ബൗളിങ് നിര അന്നില്ലായിരുന്നു. ഇന്ന് ഇന്ത്യ നേടിയ സ്‌കോറിനേക്കാള്‍ ഒരു റണ്‍സ് പിന്നിലെങ്കിലും ഓസ്‌ട്രേലിയയെ പുറത്താക്കാനുള്ള ശേഷി ഇന്ത്യന്‍ ബൗളിങ് നിരയ്ക്കുണ്ട്. ഒത്തിണക്കത്തിലും കരുത്തിലും കഴിവിലും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം കോലിയുടെ കീഴിലുള്ള നിലവിലെ ടീമാണെന്നാണ് എന്റെ വിശ്വാസം. ഇതിനെക്കാളും മികച്ചൊരു ടീമിനെ ചിന്തിക്കുക അസാധ്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
കോലിയുടെ നേതൃത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തലപ്പത്തായിരുന്ന ഇന്ത്യ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടത്. കോലിയുടെ കീഴില്‍ ഇന്ത്യ കളിച്ച 55 മത്സരത്തില്‍ 33 മത്സരത്തിലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചു. ഇന്ത്യയുടെ ടെസ്റ്റ് വിജയ കണക്കുകളില്‍ ഏറ്റവും മികച്ച നായകന്‍ കോലിയാണ്. 2019ല്‍ ഓസ്‌ട്രേലിയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഡിസംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. കോലിയെയും ഇന്ത്യയെയും സംബന്ധിച്ച് നിര്‍ണ്ണായക പരമ്പരയാണിത്.