ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ലോകകപ്പില്‍ ചരിത്രമെഴുതി വിരാട് കോലി
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമി ഫൈനലിന് അടുത്തെത്തിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ഒരു പോയന്റുകൂടി നേടിയാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. 6 കളികളില്‍ നിന്നും 11 പോയന്റുള്ള ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴമുടക്കിയതിനാല്‍ ഇന്ത്യയ്ക്ക് ഒരു പോയന്റ് മാത്രമാണ് ലഭിച്ചത്.
വെസ്റ്റിന്‍ഡീസിനെതിരെ കഴിഞ്ഞദിവസം മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ ജയം ആഘോഷിച്ച കോലിയും കൂട്ടരും ഇനി ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെയാണ് നേരിടേണ്ടത്. ഞയറാഴ്ച നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളും വരും ദിവസങ്ങളില്‍ ഇന്ത്യയുടെ എതിരാളികളാകും.

കോലിക്ക് മറ്റൊരു റെക്കോര്‍ഡ്
വെസ്റ്റിന്‍ഡീസിനെതിരെ ആധികാരിക ജയം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തേടി ഒരു റെക്കോര്‍ഡും എത്തിക്കഴിഞ്ഞു. ലോകകപ്പിലെ ആദ്യ ആറു മത്സരങ്ങളും തോല്‍ക്കാതിരിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയാണ് കോലിയെ തേടിയെത്തിയത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ കോലി 72 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ കൂടിയാണ്. ഇതേ മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 20,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ കൂടിയായി കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരുടെ റെക്കോര്‍ഡ് ആണ് കോലി മറികടന്നത്.

ഇംഗ്ലണ്ടിനെതിരായ മത്സരം
ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളെ ഇന്ത്യ തോല്‍പ്പിച്ചുകഴിഞ്ഞു. ഇംഗ്ലണ്ടിനെ കൂടി തോല്‍പ്പിച്ചാല്‍ മുന്‍നിര ടീമുകള്‍ക്കെതിരായ വിജയം പൂര്‍ണമാകും. ലോകകപ്പ് സെമി ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്കെതിരായ ജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്. ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുമെന്ന് പ്രവചിക്കപ്പെടുന്ന ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും.

ബാറ്റ്‌സ്മാന്മാരുടെ പ്രകടനം
ഇത്തവണ അഫ്ഗാനിസ്ഥാനോട് മാത്രമാണ് ഇന്ത്യ വിയര്‍ത്തു ജയിച്ചത്. ദുര്‍ബലരെന്ന് കരുതപ്പെട്ടിരുന്ന അഫ്ഗാനിസ്ഥാന്‍ അവസാന ഓവറില്‍ ഇന്ത്യയ്‌ക്കെതിരെ കീഴടങ്ങുകയായിരുന്നു. ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാനായത് അഫ്ഗാന്റെ നേട്ടമായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും ബൗളിങ്ങിലൂടെ വിന്‍ഡീസിനെതിരെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications