മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട ദമ്പതികളാണ് രോഹിത് ശര്‍മയും റിതികയും. ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ക്കിടയിലും ഐപിഎല്‍ മത്സരങ്ങള്‍ക്കിടയിലും രോഹിത് ശര്‍മക്ക് പിന്തുണ അറിയിച്ച് റിതിക എത്താറുണ്ട്. അതിനാല്‍ത്തന്നെ ആരാധകര്‍ക്ക് വളരെ സുപരിചിതയാണ് റിതിക. ഇപ്പോഴിതാ രോഹിതിനെ ടാഗ് ചെയ്ത് ഭാര്യ റിതിക ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ക്ഷമിക്കണം രോഹിത്,നിങ്ങളെക്കാളും ഭംഗിയുള്ള ഒരാളുണ്ട് എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ റിതിക പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരെ ചിരിപ്പിച്ചത്. വീട്ടിലെ വളര്‍ത്തു നായയുടെ ചിത്രം പോസ്റ്റ് ചെയ്താണ് രോഹിതിനെ ടാഗ് ചെയ്ത് റിതിക പോസ്റ്റ് ചെയ്തത്. രസകരമായ പല കമന്റുകളും ഈ ചിത്രത്തിന് കീഴില്‍ എത്തിയിട്ടുണ്ട്.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ടീം. നിലവില്‍ ബയോബബിള്‍ സുരക്ഷയ്ക്ക് പുറത്തുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇടവേള ആഘോഷിക്കുകയാണ്. കുടുംബത്തോടൊപ്പമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് പോയത്. രോഹിത് കുടുംബത്തോടൊപ്പം ഇടവേള ആഘോഷിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പര ആരംഭിക്കാന്‍ ഇനിയും ഒരു മാസത്തിന് മുകളില്‍ സമയമുണ്ട്. ആഗസ്റ്റ് നാലിനാണ് പരമ്പര ആരംഭിക്കുന്നത്. ജൂലൈ മാസം പകുതിവരെ ഇംഗ്ലണ്ടില്‍ വിനോദ സഞ്ചാരം നടത്തുന്ന തിരക്കിലാണ് ഇന്ത്യന്‍ താരങ്ങള്‍.
ഏറെ നാളുകളായി തുടര്‍ച്ചയായി മത്സരം കളിക്കുന്നതിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു ഇന്ത്യന്‍ ടീം. തുടര്‍ച്ചയായ ക്വാറന്റെയ്‌നും ബയോബബിള്‍ സുരക്ഷയുമെല്ലാം മാനസികമായി താരങ്ങളെ വളരെ അധികം ബാധിച്ചിരുന്നു. അതിനാലാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇത്തരമൊരു ഇടവേള നല്‍കിയത്. നിലവില്‍ ഇംഗ്ലണ്ടില്‍ കോവിഡ് വ്യാപനം കുറവാണ്. അതിനാല്‍ത്തന്ന താരങ്ങള്‍ക്ക് വിനോദ സഞ്ചാരത്തിനുള്ള അവസരവുമുണ്ട്.
ജൂലൈ പകുതിക്ക് ശേഷം വീണ്ടും ഇന്ത്യന്‍ താരങ്ങള്‍ ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കും. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് സന്നാഹ മത്സരം കളിക്കാന്‍ സാധിക്കാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് സന്നാഹ മത്സരം കളിക്കുമെന്നുറപ്പാണ്.