കൊച്ചി: ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ അത്‌ലറ്റുകളുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് അഞ്ജു ബോബി ജോര്‍ജ്. ലോങ് ജംപിലും ട്രിപ്പില്‍ ജംപിലും ഇന്ത്യക്കായി ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അഞ്ജുവിന് സാധിച്ചിട്ടുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലടക്കം ഇന്ത്യക്കായി മെഡല്‍ നേടിയ അഞ്ജു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. 'വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്ക മാത്രമാണ് എനിക്ക് ഉള്ളതെന്നാണ്' അഞ്ജു ബോബി ജോര്‍ജ് വെളിപ്പെടുത്തിയിരിക്കുന്നത്. കായിക ലോകത്തെ ആകെ അത്ഭുതപ്പെടുത്തുന്ന തുറന്നു പറച്ചിലാണ് ട്വിറ്ററിലൂടെയാണ് മലയാളിയായ അഞ്ജു നടത്തിയിരിക്കുന്നത്.
കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു,സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ,അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവരെയൊക്കെ ടാഗ് ചെയ്തായിരുന്നു അഞ്ജുവിന്റെ തുറന്നെഴുത്ത്. ' വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിലെ ഉന്നതിയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍' എന്ന് കുറിച്ച അഞ്ജു മറ്റ് പല ശാരീരിക പ്രശ്‌നങ്ങളും തന്നെ വേട്ടയാടിയിരുന്നുവെന്നും തുറന്ന് പറഞ്ഞു. വേദന സംഹാരികള്‍ അലര്‍ജിയായിരുന്നു. കാലിനും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഓരോ നേട്ടങ്ങളും സ്വന്തമാക്കിയതെന്നും ഇതിനെ പരിശീലകന്റെ മാജിക്ക് എന്നോ പ്രതിഭയെന്നോ നമുക്ക് വിളിക്കാമെന്നും അഞ്ജു പറയുന്നു.

കായിക ലോകത്തെ അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഈ തുറന്ന് പറച്ചില്‍ യുവതാരങ്ങള്‍ക്കായുള്ള അഞ്ജുവിന്റെ സന്ദേശമാണ്. പരിമിതകളെ പഴിക്കാതെ ആത്മവിശ്വാസത്തോടെ ഓരോ അടിയും വെക്കാനുള്ള പ്രചോദനമാവുകയാണ് അഞ്ജുവിന്റെ വാക്കുകള്‍. കായിക താരമെന്ന നിലയില്‍ നിരവധി പരിശീലനവും മറ്റും നടത്തേണ്ടി വരും. ഈ സമയത്ത് പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ അലര്‍ജി ആയതിനാല്‍ വേദന സംഹാരികള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അഞ്ജുവിനുണ്ടായിരുന്നത്.
അഞ്ജുവിന്റെ ട്വീറ്റിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്രയും പ്രതിസന്ധികളെ മറികടന്ന് രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ അഞ്ജുവിന് സാധിച്ചിട്ടുണ്ടെങ്കില്‍ അത് നിരവധി യുവതാരങ്ങള്‍ക്ക് പ്രചോദനമാവുമെന്ന കാര്യം ഉറപ്പാണ്. അഞ്ജുവിന്റെ ട്വീറ്റ് ഇതിനോടകം വലിയ ചര്‍ച്ചാവിഷയം ആയിട്ടുണ്ട്.
2003ല്‍ പാരിസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ലോങം ജംപില്‍ അഞ്ജു ഇന്ത്യക്കായി വെങ്കിലമെഡല്‍ നേടിയത്. ഇൗ നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരമാണ് അഞ്ജു. വേള്‍ഡ് അത്‌ലറ്റിക് ഫൈനലില്‍ സ്വര്‍ണ്ണം,ഏഷ്യന്‍ ഗെയിംസില്‍ 2002ല്‍ സ്വര്‍ണ്ണം 2006ല്‍ വെള്ളി,ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2005ല്‍ സ്വര്‍ണ്ണം 2007ല്‍ വെള്ളി,സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 2006ല്‍ സ്വര്‍ണ്ണം ഇവയെല്ലാം അഞ്ജുവിന്റെ രാജ്യത്തിനായുള്ള പ്രധാന നേട്ടങ്ങളാണ്.