ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരവും ഇത്തവണത്തെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാര ജേതാവുമായ വിനേഷ് ഫോഗട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചു. നാളെ നടക്കാനിരിക്കുന്ന ഖേല്‍ രത്‌ന പുരസ്‌കാര വിതരണ ചടങ്ങിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചടങ്ങില്‍ നിന്ന് താരത്തിന് വിട്ടുനില്‍ക്കേണ്ടി വരും. സൊണാപേറ്റില്‍ ഓംപ്രകാശിന്റെ ശിക്ഷണത്തില്‍ പരിശീലനം നടത്തിവരികയായിരുന്നു വിനേഷ് ഫോഗട്ട്. 'ചൊവ്വാഴ്ച ചെയ്ത എന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ വീട്ടിലില്ല. നാളെ എന്റെ കുടുംബാഗങ്ങളും പരിശോധനയ്ക്ക് വിധേയരാകും. ഒരു രോഗ ലക്ഷണങ്ങളും എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാന്‍ സുഖമായി തന്നെയാണ് ഇരിക്കുന്നത്'-വിനേഷ് ഫോഗട്ട് ഐഎഎന്‍എസിനോട് പറഞ്ഞു. വിനേഷ് ഫോഗട്ട് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഇത്തവണ ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര,പാരാലിംപിക്‌സ് താരം മാരിയപ്പന്‍ തങ്കവേലു എന്നിവരാണ് ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരത്തിന് അര്‍ഹരായത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 26കാരിയായ വിനേഷിനെക്കൂടാതെ പുരസ്‌കാര അര്‍ഹരായ ഒമ്പത് താരങ്ങള്‍ കൂടി വിവിധ കാരങ്ങളാല്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കില്ല. ഇവര്‍ പിന്നീട് പുരസ്‌കാരം ഏറ്റുവാങ്ങും. ഐപിഎല്ലിനായി യുഎഇയില്‍ ക്വാറന്റെയ്‌നിലുള്ളതിനാലാണ് ഖേല്‍രത്‌ന ജേതാവായ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്ക് പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതത്. ഇതേ കാരണത്താല്‍ ഇഷാന്ത് ശര്‍മയും പുരസ്‌കാരചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും.
കോവിഡിനെത്തുടര്‍ന്ന് അഞ്ച് മാസത്തോളം താരങ്ങളെല്ലാം പരിശീലനമടക്കം മുടങ്ങി വീടുകളിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസത്തോടെ സ്‌പോര്‍ട്‌സ് അതോററ്റി ഓഫ് ഇന്ത്യ (സായി)യുടെ നിര്‍ദേശ പ്രകാരം താരങ്ങള്‍ക്കുള്ള പരിശീലന ക്യാംപ് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 1ന് ദേശീയ ഗുസ്തി ക്യാംപ് ആരംഭിക്കുമെങ്കിലും വിനേഷ് ഫോഗട്ടിന് പങ്കെടുക്കാനാവില്ല. 2016ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി വിനീഷ് ഫോഗട്ടിനെ ആദരിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണവും ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെങ്കലവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വെള്ളിയും നാല് വെങ്കലവും ഇന്ത്യക്ക് വേണ്ടി വിനേഷ് നേടിയിട്ടുണ്ട്.