ബെംഗളുരു: കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളിയില്‍ മുന്‍ ഐപിഎല്‍ താരം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബെല്ലാരി ടസ്‌കേഴ്‌സ് ക്യാപ്റ്റന്‍ സിഎം ഗൗതം, അബ്‌റാര്‍ കാസി എന്നിവരാണ് സെന്‍ട്രന്‍ ക്രൈ ബ്രാഞ്ചിന്റെ പിടിയിലായത്. മുംബൈ ഇന്ത്യന്‍സ്, ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് തുടങ്ങിയ ടീമുകളില്‍ അംഗമായിരുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ഗൗതം.
ബെല്ലായി ടസ്‌കേഴ്‌സ് ഹുബ്ലി ടൈഗേഴ്‌സ് എന്നീ ടീമുകള്‍ തമ്മില്‍ ഓഗസ്ത് 31ന് നടന്ന മത്സരത്തില്‍ ഇരുവരും ഒത്തുകളിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. ഇവര്‍ 20 ലക്ഷം രൂപയാണ് ഒത്തുകളിക്കായി കൈപ്പറ്റിയത്. അവസാന ഓവറുകളില്‍ ബാറ്റിങ് പതുക്കെയാക്കാനായിരുന്നു ഇരുവര്‍ക്കും ലഭിച്ച നിര്‍ദ്ദേശം. ബെംഗളുരുവിനെതിരായ മറ്റൊരു മത്സരത്തിലും ഇവര്‍ ഒത്തുകളിച്ചതായി റിപ്പോര്‍ട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ എ ടീം കളിക്കാരനായിരുന്ന ഗൗതം കര്‍ണാടക, ഗോവ ടീമുകള്‍ക്കുവേണ്ടി രഞ്ജി ട്രോഫിയിലും കളിച്ചിട്ടുണ്ട്. കര്‍ണാടക സംസ്ഥാന ടീമിന് വേണ്ടി കളിച്ച താരമാണ് കാസി. പിന്നീട് മറ്റൊരു സംസ്ഥാനത്തേക്ക് മാറി. നേരത്തെ ഒത്തുകളിയുമായി ബന്ധപ്പെട്ട് നിശാന്ത് സിങ് ഷെഖാവത്ത് എന്ന താരത്തേയും കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏജന്റുമാരുമായി സംസാരിച്ച ഇയാള്‍ ബെംഗളുരു ബ്ലാസ്‌റ്റേഴ്‌സിന്റെ ബൗളിങ് കോച്ച് വിനു പ്രസാദിനെ ഒത്തുകളിക്കായി സമീപിക്കുകയും ചെയ്തിരുന്നു.