വെല്ലിങ്ടണ്‍: ഇത്തവണത്തെ ഐപിഎല്ലില്‍ താന്‍ കളിച്ചേക്കില്ലെന്ന് സൂചന നല്‍കി ന്യൂസീലന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട്. ഇത്തവണത്തെ താരലേലത്തില്‍ ബോള്‍ട്ടിനെ മുംബൈ ഇന്ത്യന്‍ സ്വന്തമാക്കിയിരുന്നെങ്കിലും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഐപിഎല്‍ കളിച്ചേക്കില്ലെന്ന സൂചനയാണ് ബോള്‍ട്ട് നല്‍കുന്നത്. 'എനിക്ക് ഏറ്റവും ഉചിതമായത് എന്താണെന്ന് ശരിയായ ആളുകളോട് സംസാരിച്ച് തീരുമാനിക്കും.
എന്റെ ക്രിക്കറ്റിനും കുടുംബത്തിനും ഏറ്റവും അനുയോജ്യമായ തീരുമാനമായിരിക്കും അത്. മറ്റുചില ന്യൂസീലന്‍ഡ് താരങ്ങളും ഐപിഎല്ലിന്റെ ഭാഗമായുണ്ട്. എന്നാല്‍ അത്തരത്തിലൊരാളായി പോകാനില്ല.വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു'-ബോള്‍ട്ട് പറഞ്ഞു. ബോള്‍ട്ട് ഇത്തവണ കളിക്കാതിരുന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ പദ്ധതികള്‍ക്കത് വലിയ തിരിച്ചടിയാവും. നിലവില്‍ ലസിത് മലിംഗ, ജസ്പ്രീത് ബൂംറ, മിച്ചല്‍ മഗ്ലെങ്ങന്‍ എന്നിവരടങ്ങുന്ന മികച്ച പേസ് നിരയാണ് മുംബൈയ്ക്കുള്ളത്.

ഇവരോടൊപ്പം ബോള്‍ട്ടുകൂടിയെത്തിയാല്‍ മുംബൈ അതിശക്തരാകും. ബോള്‍ട്ടിനെക്കൂടാതെ ജിമ്മി നിഷാം, ലൂക്കി ഫെര്‍ഗൂസന്‍, കെയ്ന്‍ വില്യംസണ്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് ഐപിഎല്ലില്‍ കളിക്കുന്ന മറ്റ് പ്രധാന ന്യൂസീലന്‍ഡ് താരങ്ങള്‍.30കാരനായ ബോള്‍ട്ട് 33 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 38 വിക്കറ്റാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കുവേണ്ടിയാണ് അദ്ദേഹം കളിച്ചത്. ന്യൂസീലന്‍ഡിനുവേണ്ടി 67 ടെസ്റ്റില്‍ നിന്ന് 267 വിക്കറ്റും 90 ഏകദിനത്തില്‍ നിന്ന് 164 വിക്കറ്റും 27 ടി20യില്‍ നിന്ന് 39 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് മാറ്റിവെച്ചതിനാല്‍ ആ സമയത്ത് ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക വലിയ വെല്ലുവിളിയായതിനാല്‍ യുഎഇയില്‍ ഒക്ടോബറിലും നവംബറിലുമായാവും ഐപിഎല്‍ നടക്കുക. ഐപിഎല്‍ മുടങ്ങിയാല്‍ ബിസിസി ഐക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാല്‍ ഏത് വിധേനെയും ടൂര്‍ണമെന്റ് നടത്തുകയാണ് ബിസിസി ഐയുടെ പദ്ധതി.എന്നാല്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പല രാജ്യത്തും യാത്രാ വിലക്കുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതിനാല്‍ത്തന്നെ ഐപിഎല്ലിന് പോകാന്‍ വിദേശ താരങ്ങളെ അയക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറാവുമോയെന്ന് കണ്ടറിയണം. നിലവില്‍ ഐപിഎല്‍ കളിക്കണമെങ്കില്‍ താരങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്.ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ കളിക്കുന്നുണ്ട്.അവര്‍ക്കൊക്കെ കൃത്യമായ സുരക്ഷയൊരുക്കുക ശ്രമകരമായ കാര്യം തന്നെയാണ്.