ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെതിരെ സമനില നേടിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. പനിമൂലം മത്സരം കളിക്കാന്‍ കഴിയാതിരുന്ന ഛേത്രി ട്വിറ്ററിലൂടെ ആവേശഭരിതനായാണ് തന്റെ ടീമിനെക്കുറിച്ച് പറയുന്നത്. പ്രിയപ്പെട്ട ഇന്ത്യ, അത് എന്റെ ടീമാണ്, അത് എന്റെ കുട്ടികളാണ്. ഈ നിമിഷത്തെ എങ്ങിനെ വിവരിക്കണമെന്നറിയില്ല. വലിയ മത്സരഫലമൊന്നുമല്ല, എന്നാല്‍ പോരാട്ടവീര്യത്തില്‍ ഇത് വലിയ നേട്ടമാണ്. കോച്ചിങ് സ്റ്റാഫിനും ഡ്രസ്സിങ് റൂമിനും വലിയ ക്രഡിറ്റ് നല്‍കുന്നുവെന്നും ഛേത്രി പറഞ്ഞു.
ആക്രമിച്ചുകളിച്ച ഖത്തറിനെതിരെ ഇന്ത്യ ഗോള്‍രഹിത സമനിലയാണ് പിടിച്ചുവാങ്ങിയത്. ഇതോടെ പോയന്റ് ടേബിള്‍ ഒരു പോയന്റ് നേടാനും ഇന്ത്യയ്ക്കു കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ഒമാനെതിരെ 81-ാം മിനിറ്റുവരെ ലീഡെടുത്തശേഷം തോല്‍വി വഴങ്ങിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെതിരായ സമനില വിജയതുല്യമാണ്. ലോക നിലവാരത്തിലുള്ള ടീം കൂടിയാണ് ഖത്തറെന്നതിനാല് മത്സരഫലത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാനും ഏറെയുണ്ട്.
മെക്സിക്കോയെ നാണംകെടുത്തി അര്‍ജന്റീന; മാര്‍ട്ടിനെസിന് ഹാട്രിക്, ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി
ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത്സിങ് സന്ധുവാണ് മത്സരത്തിലെ യഥാര്‍ഥ ഹീറോ. ഗോളെന്നുറച്ച അരഡസന്‍ ഷോട്ടുകളെങ്കിലും തടുത്തിട്ട സന്ധു ഖത്തറിനും ഗോള്‍ വലയ്ക്കും മുന്നില്‍ ഉരുക്കുകവചമായി. ഖത്തറിനെതിരായ ഇന്ത്യയുടെ പ്രകടനത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് മത്സരശേഷം സന്ധു പറഞ്ഞു. ഖത്തര്‍ ആണ് നിലവില്‍ ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്തിയാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഇന്ത്യയ്ക്ക് സാധ്യത തെളിയുകയുള്ളൂ.