ഇംഗ്ലണ്ടിലെ ചതിക്കുഴിയില്‍വീണ് സ്പിന്നര്‍മാര്‍; ആദ്യ 20ല്‍ ഒരാള്‍ മാത്രം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നതിന് ഏറെനാള്‍ മുന്‍പുതന്നെ ടൂര്‍ണമെന്റിലെ സ്പിന്നര്‍മാരുടെ പ്രകടനത്തെക്കുറിച്ചും വിലയിരുത്തലുകളുണ്ടായിരുന്നു. എല്ലാ ടീമുകളും സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരുമായാണ് കളത്തിലിറങ്ങിയതെങ്കിലും അന്തിമ വിശകലനത്തില്‍ സ്പിന്നര്‍മാര്‍ തീര്‍ത്തും നിറംമങ്ങിയതായി കാണാം. ചില മത്സരങ്ങളില്‍ റണ്ണൊഴുക്കിന് തടയിടാന്‍ കഴിഞ്ഞു. എന്നാല്‍, വിക്കറ്റെടുക്കുന്നതില്‍ സ്പിന്നര്‍മാര്‍ പരാജയമായി.
ഇംഗ്ലണ്ടിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് അധികം സാധ്യതയുണ്ടായിരുന്നില്ലെങ്കിലും ശരാശരി പ്രകടനം കാഴ്ചവെക്കുമെന്നായിരുന്നു പ്രതീക്ഷ. രണ്ട് സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങിയ ഇന്ത്യയ്ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കൈക്കുഴ ബൗളര്‍മാരായ കുല്‍ദീപിനും യുസ് വേന്ദ്ര ചാഹലിനും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തത് ഇന്ത്യയുടെ തോല്‍വിക്കും കാരണമായിട്ടുണ്ട്.

ആദ്യ ഇരുപതില്‍ ചാഹല്‍
ലോകകപ്പിലെ മികച്ച ബൗളര്‍മാരുടെ പട്ടികയെടുത്താല്‍ ആദ്യ ഇരുപതിയില്‍ ഇടംപിടിച്ചത് ഇന്ത്യയുടെ യുസ് വേന്ദ്ര ചാഹല്‍ മാത്രമാണ്. അതും പത്തൊന്‍പതാം സ്ഥാനത്ത്. എട്ട് കളിയില്‍നിന്ന് 12 വിക്കറ്റാണ് ചാഹലിന്റെ സമ്പാദ്യം. 11 വിക്കറ്റുമായി ഇമ്രാന്‍ താഹിര്‍ പിറകിലുണ്ട്. മുന്‍നിരയില്‍ സ്ഥാനം പിടിച്ചവരെല്ലാം പേസര്‍മാരാണ്. ലോകകപ്പിലെ റെക്കോര്‍ഡ് തകര്‍ത്ത് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഉള്‍പ്പെടെയുള്ള കളിക്കാരും മികവുകാട്ടി.

അഫ്ഗാന്‍ സ്പിന്നര്‍മാര്‍
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ടൂര്‍ണമെന്റില്‍ തീര്‍ത്തും പരാജയമായി. ഇംഗ്ലണ്ടിനെതിരെ ഒരു മത്സരത്തില്‍ 110 റണ്‍സ് വഴങ്ങിയെന്ന നാണക്കേടും പേറിയാണ് റാഷിദിന്റെ മടക്കും. 7 വിക്കറ്റുകള്‍ മാത്രമാണ് റാഷിദ് വീഴ്ത്തിയത്. മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരും അഫ്ഗാന് വേണ്ടി കളത്തിലിറങ്ങിയെങ്കിലും ടീമിന് ഒരു മത്സരംപോലും ജയിക്കാനായില്ല.

ലോകകപ്പിലെ സ്പിന്നര്‍മാര്‍
ഓസ്‌ട്രേലിയയുടെ ആദം സാംപ, നഥാന്‍ ലിയോണ്‍, ഇംഗ്ലണ്ടിന്റെ ആദില്‍ റാഷിദ്, ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്കും ലോകകപ്പില്‍ തിളങ്ങാനായില്ല. എക്കാലവും മികച്ച സ്പിന്നര്‍മാരുമായി എത്താറുള്ള പാക്കിസ്ഥാനും ശ്രീലങ്കയും ഇത്തവണ നിറംമങ്ങി. ചില മത്സരങ്ങളില്‍ റണ്‍ നിയന്ത്രിച്ചെങ്കിലും മറ്റു മത്സരങ്ങളില്‍ നന്നായി അടിവാങ്ങിയാണ് സ്പിന്നര്‍മാരുടെ മടക്കം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications