സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ പരിമിത ഓവര്‍ ക്രിക്കറ്റിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി. ഏകദിന പരമ്പരയില്‍ 5-0ത്തിന് തോറ്റ ലങ്ക ടി20 പരമ്പരയും അടിയറവെച്ചു. രണ്ടാം മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 2-0 എന്ന നിലയില്‍ അപരാജിത ലീഡും നേടി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വാലറ്റത്ത് ഇസുരു ഉദന 48 പന്തില്‍ 84 റണ്‍സടിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചെങ്കിലും സഹതാരങ്ങള്‍ കൂട്ടിനെത്താത്തതോടെയാണ് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന്. ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസ് 3 വിക്കറ്റ് വീഴ്ത്തി. ഡെല്‍ സ്‌റ്റെയ്ന്‍ തബ്രെയ്‌സ് ഷംസി എന്നിവര്‍ 2 വിക്കറ്റു വീതവും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍ഡ്രിക്‌സും, റസ്സി വാന്‍ ഡെര്‍ ദസ്സനും, ജെപി ഡുമിനിയും നടത്തിയ ബാറ്റിങ് പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റീസ 65 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ റസ്സി 64ഉം ഡുമിനി 33 റണ്‍സെടുത്തു. ഉസുരു ഉദന 2 വിക്കറ്റ് വീഴ്ത്തി. ടെസ്റ്റ് പരമ്പരയില്‍ 2-0ത്തിന്റെ ചരിത്രവിജയം നേടിയ ശ്രീലങ്കയ്ക്ക് പിന്നീട് ഒരു മത്സരത്തില്‍പ്പോലും ജയിക്കാനായിട്ടില്ല.