കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റെ സൗരവ് ഗാംഗുലിയുടെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഗാംഗുലി ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി അദ്ദേഹം ക്വാറന്റൈനിലാണ്. ആദ്യത്തെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഇനിയും പരിശോധന നടത്തിയ ശേഷം മാത്രമെ അദ്ദേഹത്തിന് രോഗമില്ലെന്ന് പൂര്‍ണ്ണമായും ഉറപ്പിക്കാന്‍ സാധിക്കു. നിലവില്‍ കുടുംബത്തോടൊപ്പമാണ് ഗാംഗുലി കഴിയുന്നത്. അദ്ദേഹത്തിന്റെ കോവിഡ് സ്ഥിരീകരിച്ച സഹോദരന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്നാണ് വിവരം.
ക്വാറന്‍ൈനിലാണെങ്കിലും ഗാംഗുലിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഓഫീസ് കാര്യങ്ങളൊക്കെ വീട്ടിലിരുന്നുതന്നെ അദ്ദേഹം ചെയ്യുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഗാംഗുലിയുടെ ക്വാറന്റൈന്‍ അവസാനിക്കുമെന്നാണ് വിവരം. ബിസിസിഐ പ്രസിഡന്റായ ഗാംഗുലിക്ക് ഏറ്റവും തിരക്കേറിയ സമയമാണിത്്. ഐപിഎല്ലിനായുള്ള മുന്നൊരുക്കം നടത്തുന്നതിനായി അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ആവിശ്യമാണ്. നിലവില്‍ വീട്ടിലിരുന്ന് വീഡിയോ ചാറ്റ് വഴിയാണ് ഗാംഗുലി കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ജൂലൈ 15നാണ് സ്‌നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ വീട്ടുജോലിക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഐസൊലേഷനില്‍ കഴിയാന്‍ കുടുംബ വീട്ടിലേക്ക് സ്‌നേഹാശിഷ് എത്തിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ഗാംഗുലിക്കും ക്വാറന്‍ൈനില്‍ പോകേണ്ടി വന്നത്. നിലവില്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐയുള്ളത്. സെപ്തംബര്‍ 19മുതല്‍ നവംബര്‍ 8വരെ യുഎഇയിലാണ് ഇത്തവണ ഐപിഎല്‍ നടത്തുന്നത്. ഓഗസ്റ്റ് പകുതിയോടെ ടീമുകളെല്ലാം യുഎഇയില്‍ എത്തിച്ചേരും. താരങ്ങള്‍ക്ക് ഇതിന് മുമ്പായി രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. വിദേശ താരങ്ങളും ഇത്തവണത്തെ ഐപിഎല്ലില്‍ പങ്കെടുക്കും. ഐപിഎല്ലിന് ശേഷം ഇന്ത്യ ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനവും നടത്തുന്നുണ്ട്. ഇതിനായി ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി വെട്ടിച്ചുരുക്കണമെന്ന ഗാംഗുലിയുടെ അപേക്ഷ ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളിയിരുന്നു. ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റും മൂന്ന് ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ബിസിസിഐക്ക് വലിയ വെല്ലുവിളികള്‍ നിറഞ്ഞ ദിനങ്ങളാണ് മുന്നിലുള്ളത.് താരങ്ങളെ സുരക്ഷിതമായി ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കേണ്ടത് വലിയ വെല്ലുവിളിയാണ്. ഗാംഗുലിയുടെ ഇനിയുള്ള ടെസ്റ്റ് ഫലങ്ങള്‍ പോസിറ്റീവായാല്‍ ബിസിസി ഐക്കത് വലിയ തിരിച്ചടിയാവും.