ന്യൂഡല്‍ഹി:ലോക ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍മാരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ഇന്ത്യയുടെ അനില്‍ കുംബ്ലെ. സ്പിന്‍ ബൗളിങ്ങില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രതിഭ. വിശേഷണങ്ങള്‍ ഏറെ അര്‍ഹിക്കുന്ന കുംബ്ലെ ടെസ്റ്റിലെ വിക്കറ്റുവേട്ടക്കാരില്‍ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും താഴെ മൂന്നാം സ്ഥാനത്താണ്. മുരളീധരന്‍ 800 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വോണിന്റെ സമ്പാദ്യം 708 വിക്കറ്റാണ്. സ്പിന്‍ ബൗളിങ്ങില്‍ മായാജാലം തീര്‍ത്തിട്ടുള്ള ഇരുവരിലും ഏറ്റവും മികച്ചവനാര്?
ഇരുവരേയും താരതമ്യം ചെയ്യുക കടുപ്പമാണെന്നാണ് അനില്‍ കുംബ്ലെ പറയുന്നത്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് കുംബ്ലെ മുരളീധരനെക്കുറിച്ചും വോണിനെക്കുറിച്ചും പ്രതികരിച്ചത്. 'ഏത് സാഹചര്യത്തിലും ഒരുപോലെ സ്പിന്‍ ബൗളിങ്ങില്‍ തിളങ്ങാന്‍ സാധിക്കുന്ന ഇരുവരേയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. എന്നെ ഇവരുമായി താരത്യപ്പെടുത്താന്‍ തുടങ്ങിയതോടെ എനിക്കത് വളരെ പ്രയാസമേറിയ കാര്യമായി'-അനില്‍ കുംബ്ലെ പറഞ്ഞു.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൂടുതല്‍ മത്സരങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ മുരളിയെ കൂടുതലായി കണ്ടിരുന്നു. അതിനാല്‍ ഓരോ നാഴികക്കല്ലും പിന്നിട്ടതിന് ശേഷം മുരളിയില്‍ നിന്ന് എനിക്ക് എല്ലായ്‌പ്പോഴും ഒരു അഭിനന്ദന കുറിപ്പെത്തുമായിരുന്നു. ഞാന്‍ ഓരോ നാഴികക്കല്ല് പിന്നിടുമ്പോഴും മുരളിക്ക് അടുത്ത നാഴികക്കല്ല് പിന്നിടാന്‍ 30 വിക്കറ്റുമാത്രമായിരുന്നു ദൂരം. ഞാന്‍ നേരത്തെ തന്നെ മുരളിയെ അഭിനന്ദിക്കുമായിരുന്നു. മുരളി 500 വിക്കറ്റ് തികയ്ക്കാന്‍ 30 വിക്കറ്റുകൂടി മാത്രം മതി, അഭിനന്ദനങ്ങള്‍ എന്ന് പറയുമ്പോള്‍ ഇല്ല, അതൊരു വലിയ ദൂരമാണെന്ന് അദ്ദേഹം തിരിച്ചുപറയുമായിരുന്നു.
മൂന്ന് ടെസ്റ്റ് നിങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എല്ലാവരുമായും ഞങ്ങള്‍ നല്ലബന്ധമാണ് പുലര്‍ത്തിയിരുന്നത്. രാജ്യത്തിനുവേണ്ടി എല്ലാവരും മികച്ച പ്രകടം കാഴ്ചവെക്കുന്നത് മനോഹരമായ കാഴ്ചയായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു. 133 ടെസ്റ്റില്‍ നിന്നാണ് മുരഴീധരന്‍ 800 വിക്കറ്റ് പൂര്‍ത്തിയാക്കിയത്.അഞ്ച് വിക്കറ്റ് നേട്ടം 67 തവണയും 10 വിക്കറ്റ് നേട്ടം 22തവണയും നേടാന്‍ മുരളിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
51 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് മുരളിയുടെ ടെസ്റ്റിലെ മികച്ച പ്രകടനം. 350 ഏകദിനത്തില്‍ നിന്ന് 534 വിക്കറ്റും 12 ടി20യില്‍ നിന്ന് 13 വിക്കറ്റും മുരളിയുടെ പേരിലുണ്ട്. ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണ്‍ 145 ടെസ്റ്റില്‍നിന്നാണ് 708 വിക്കറ്റ് വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് നേട്ടം 37 തവണയും 10 വിക്കറ്റ് നേട്ടം 10 തവണയും സ്വന്തമാക്കിയ വോണിന്റെ ടെസ്റ്റിലെ മികച്ച പ്രകടനം 71 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ്.