ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ദുബായില്‍ ഇന്ത്യ പാക്കിസ്ഥാന് ടീമുകള്‍ ഏറ്റു മുട്ടാനൊുരങ്ങവെ ഇരു ടീമുകളുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയകളില്‍ കളിയെക്കുറിച്ചുള്ള വിലയിരുത്തലുകളും ട്രോളുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇതിനിടെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഇരു ഭാഗത്തുനിന്നുമുള്ള ട്രോള്‍ പ്രളയമാണ്. പാക് താരം ഷോയബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ ഇപ്പോള്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ച് വിശ്രമത്തിലാണ്.
ട്രോളുകള്‍ അതിരുകടന്നതോടെ ഇതിന് മറുപടിയുമായി സാനിയ രംഗത്തെത്തിയിട്ടുണ്ട്. കളി തുടങ്ങാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയയില്‍നിന്നും വിട്ടുനില്‍ക്കുന്നതാണ് തനിക്ക് സുരക്ഷിതമെന്നാണ് സാനിയ പറയുന്നത്. കുറേ ദിവസമായി അസംബന്ധങ്ങള്‍ പ്രചരിക്കുന്നു. ഗര്‍ഭിണിയായ തന്നെ വിട്ടേക്കൂ, ഇത് വെറുമൊരു ക്രിക്കറ്റ് മത്സരം മാത്രമാണെന്നും സാനിയ പറഞ്ഞുവെച്ചു.
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നതിന് മുന്‍പും ശേഷവും സാനിയയ്ക്ക് ട്രോളുകളുണ്ടായിരുന്നു. അന്ന് പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. ഇതിന് കണക്കുതീര്‍ക്കാനുള്ള അവസരമായാണ് ഇന്ത്യ ഏഷ്യാ കപ്പിനെ കാണുകയെന്നുറപ്പ്. എന്നാല്‍, സാനിയയുടെ ഭര്‍ത്താവ് ഷോയബ് മാലിക്ക് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായേക്കുമെന്നാണ് മുന്‍ താരങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യ മത്സരത്തില്‍ തോല്‍ക്കുകയും മാലിക്ക് കാര്യമായി സ്കോര്‍ ചെയ്യുകയും ചെയ്താല്‍ സാനിയയ്ക്കെതിരായ ട്രോളുകള്‍ ഇരട്ടിയാകുമെന്നുറപ്പാണ്.
ഏഷ്യന്‍ കാര്‍ണിവല്‍ ഇന്ന്... ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധത്തിന് യുഎഇ ഒരുങ്ങി; ആര് ജയിക്കും?