ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ താരം പി വി സിന്ധു പിന്മാറി. തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ സീരീസ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയതിന്റെ പിന്നാലെയാണ് സിന്ധുവിന്റെ പിന്മാറ്റം. അതേസമയം, പരിക്കുമൂലം വിശ്രമത്തിലായിരുന്ന സൈന നേവാള്‍ ടൂര്‍ണമെന്റില്‍ തിരിച്ചെത്തി. ഇന്തോനേഷ്യ ഓപ്പണ്‍, ജപ്പാന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ സൈന കളിച്ചിരുന്നില്ല.
ഇന്തോനേഷ്യ ഓപ്പണില്‍ ഫൈനലിലെത്തിയ സിന്ധുവിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. ജപ്പാന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സിന്ധു കാലിടറി. രണ്ട് ടൂര്‍ണമെന്റിലും ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. തായ്‌ലന്‍ഡ് ഓപ്പണില്‍ താരം തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അവസാന നിമിഷം പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

സിന്ധു ടൂര്‍ണമെന്റില്‍നിന്നും പിന്മാറാനുള്ള കാരണം വ്യക്തമല്ല. സിന്ധു പിന്മാറിയതോടെ തായ്‌ലന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ വനിതാ സിംഗിള്‍സില്‍ പ്രതീക്ഷ സൈനിയിലൊതുങ്ങും. ടൂര്‍ണമെന്റില്‍ ഏഴാം സീഡാണ് സൈന. ബുധനാഴ്ച ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങും. പുരുഷ വിഭാഗത്തില്‍ സായ് പ്രണീത്, കെ ശ്രകാന്ത്, സമീര്‍ വര്‍മ, എച്ച് എസ് പ്രണോയ്, പി കശ്യപ് തുടങ്ങിയവരെല്ലാം ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്.