ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് സന്തോഷ വാര്‍ത്ത. ഡൈന്‍മാര്‍ക്കിലേക്ക് പറക്കാന്‍ വിസ പ്രശ്‌നം ഉണ്ടായതിനാല്‍ ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കളിക്കുകയെന്നത് സൈനയ്ക്ക് ഏറെക്കുറെ അസാധ്യമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കൃത്യമായ ഇടപെടല്‍മൂലം സൈനയ്ക്ക് ഡെന്മാര്‍ക്ക് ഓപ്പണില്‍ കളിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.
ഡെന്മാര്‍ക്ക് എംബസിയുടെ പുതിയ നിയമങ്ങള്‍ മൂലം വിസ അനുവദിച്ച് കിട്ടാന്‍ കാലതാമസം വേണ്ടിവരുമായിരുന്നു. ഈ സാഹചര്യത്തില്‍ ട്വിറ്ററിലൂടെ കേന്ദ്ര വിദേശകാര്യമന്ത്രിയോട് സൈന പരാതി പറഞ്ഞതാണ് വഴിത്തിരിവായത്.

എനിക്കും പരിശീലകനും ഡെന്‍മാര്‍ക്കിലേക്ക് പോകണമെന്നും ഞങ്ങളുടെ വിസ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായില്ല എന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് ടാഗ് ചെയ്ത് സൈന ട്വീറ്റ് ചെയ്തു. അധികം വൈകാതെ വിദേശകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്ട്രട്ടറി സഞ്ജീവ് ഗുപ്ത സംഭവത്തില്‍ ഇടപെട്ടു. വിസയുടെ കാര്യം പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ സൈനയ്ക്ക് ഇക്കാര്യത്തില്‍ അറിയിപ്പ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്തായാലും സഞ്ജീവിന്റെ ഇടപെടല്‍ ഫലം കാണുകയും സൈനയ്ക്കും പരിശീലകനും വിസ ലഭിക്കുകയും ചെയ്തു.ഇതിനുള്ള നന്ദി ട്വിറ്ററിലൂടെ സൈന സഞ്ജീവിനെ അറിയിക്കുകയും ചെയ്തു. 'ഹൈദരാബാദില്‍ നിന്നുള്ള വിസ ശരിയായി. അസാധ്യമായത് സാധ്യമാക്കിത്തന്നതിന് സഞ്ജീവ് ഗുപ്തയ്ക്ക് നന്ദി. അവധി ദിവസവും പ്രവര്‍ത്തിച്ചതിന് വിഎസ്എഫ്എസ് ഗ്ലോബലിനും നന്ദി. വെള്ളിയാഴ്ച യാത്രയ്ക്ക് മുമ്പ് വിസ ലഭിക്കുമെന്ന് കരുതുന്നു-സൈന ട്വിറ്ററില്‍ കുറിച്ചു.
നിലവിലെ എട്ടാം റാങ്കുകാരിയായ സൈന നിലവില്‍ ഡെന്‍മാര്‍ക്ക് ഓപ്പണിലെ റണ്ണേഴ്‌സപ്പാണ്.ഈ സീസണില്‍ ആദ്യ റൗണ്ടില്‍ ജപ്പാന്റെ സയാക തകഹാഷിയെയാണ് സൈന നേരിടുന്നത്.