ഹൈദരാബാദ്: ബോഡ്മിന്റണ് കോര്‍ട്ടില്‍ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തി നില്‍ക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍താരം സൈന നേവാള്‍. മുന്‍ ഇന്ത്യന്‍ താരം പി കശ്യപുമായി ദീര്‍ഘകാലമായി സൈന പ്രണയത്തിലായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും വിവാഹിതരാകുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിനുശേഷം ഇതാദ്യമായി സൈന വിവാഹത്തെക്കുറിച്ച് സ്ഥിരീകരിക്കുകയും ചെയ്തു.
ഡിസംബര്‍ 16നാണ് വിവാഹമെന്ന് സൈന അറിയിച്ചു. ഡിസംബര്‍ 20 മുതല്‍ ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെയും പിന്നീട് ടോക്കിയോ ഒളിമ്പിക്സിനായുള്ള ക്വാളിഫൈയിങ് മത്സരങ്ങളുടെയും തിരക്കിലാകുന്നതിനാലാണ് ഈ തീയതി തെരഞ്ഞെടുത്തതെന്നും സൈന പറഞ്ഞു. 2007-08 വര്‍ഷങ്ങളിലാണ് തങ്ങള്‍ ഒരുമിച്ച് യാത്രചെയ്യാന്‍ തുടങ്ങിയതെന്ന് സൈന പറയുന്നു.
ടൂര്‍ണമെന്റുകളില്‍ ഒരുമിച്ചു കളിച്ചു. ഒരുമിച്ച് പരിശീലനത്തിനിറങ്ങുകയും പരസ്പരം കളികളെ നിരീക്ഷിക്കുകയും ചെയ്തു. മറ്റൊരാളുമായി അടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പരസ്പരം മനസിലാക്കാനും വിലയിരുത്താനും തങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കരിയര്‍ തുടരുക പ്രധാനമായിരുന്നെന്നും സൈന പറയുന്നുണ്ട്.
വിവാഹത്തെക്കാള്‍ ടൂര്‍ണമെന്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. എല്ലായിടത്തും ഒരു കുട്ടിയുടെ പരിഗണനയും കരുതലും ഒരു താരത്തിന് ആവശ്യമാണ്. എന്നാല്‍, വിവാഹം കഴിയുന്നതോടെ അത് മാറിമറിയും. കുടുംബത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ വിവാഹം നീട്ടിവെക്കുകയായിരുന്നെന്നും സൈന വ്യക്തമാക്കി. തങ്ങള്‍ എല്ലായിപ്പോഴും ഒരുമിച്ചുണ്ടായിരുന്നതിനാല്‍ അടുപ്പത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കേണ്ടതായി വന്നില്ലെന്നും സൈന ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞു.
ബാഡ്മിന്റണ്‍ ലീഗ് ലേലം; സൈനയ്ക്കും സിന്ധുവിനും ശ്രീകാന്തിനും പ്രണോയിക്കും 80 ലക്ഷം രൂപവീതം