മുംബൈ: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച നിമിഷത്തിനുള്ള ലോറസ് പുരസ്‌കാര ചുരുക്ക പട്ടികയില്‍ 2011ലെ ഇന്ത്യയുടെ ലോകകപ്പ് ആഘോഷവും. ശ്രീലങ്കയെ തോല്‍പ്പിച്ച് ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദ പ്രകടനം നടത്തിയ നിമിഷമാണ് അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. ഒരു രാജ്യത്തെ ചുമലിലേറ്റിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ ആഘോഷത്തെ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സച്ചിന് വിശ്വകിരീടത്തോടെ സഹതാരങ്ങള്‍ യാത്രയാക്കുന്ന മനോഹര നിമിഷമായിരുന്നു അത്. ഫൈനലില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതിന് ശേഷം ഗ്രൗണ്ടിലേക്കോടിയെത്തിയ സച്ചിന്‍ ക്രീസിലുണ്ടായിരുന്ന യുവരാജ് സിങ്ങിനെയും എം എസ് ധോണിയേയും കെട്ടിപ്പിടിച്ചാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. ഇനിയൊരു ഏകദിന ലോകകപ്പിന് സച്ചിന്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വിടപറയല്‍ മത്സരമായാണ് സഹതാരങ്ങള്‍ വിജയത്തെ ആഘോഷിച്ചത്.

സഹതാരങ്ങളുടെ തോളിലിരുന്ന് ദേശീയ പതാക വീശിയാണ് സച്ചിന്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ കാണികളെ അഭിവാദ്യം ചെയ്തത്. ഈ ദൃശ്യങ്ങള്‍ 133 ദശലക്ഷം ആളുകളാണ് അന്ന് ലൈവായി ടിവിയില്‍ കണ്ടത്. സച്ചിന്റെ വിജയാഘോഷത്തെക്കൂടാതെ മറ്റൊരു ക്രിക്കറ്റ് സംഭവം കൂടി ചുരുക്കപ്പടിയില്‍ ഇടം പിടിച്ചു. 2005ലെ ആഷസ് ടെസ്റ്റിലെ വിജയത്തിന് ശേഷം ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഓസീസ് താരം ബ്രയ്റ്റ് ലീക്ക് ഹസ്തദാനം നല്‍കിയ നിമിഷമാണ് അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. ജനുവരി 10 മുതല്‍ ഫെബ്രുവരി 16 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര വിജയിയെ കണ്ടെത്തുക.