മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ പ്രതികരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ നേട്ടങ്ങളുടെ നെറുകയിലേക്ക് നയിച്ച ധോണിയുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍ പി സിങ്. 2007ല്‍ ധോണിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടിയ ഓര്‍മകളാണ് ആര്‍ പി സിങ് വെളിപ്പെടുത്തിയിരിക്കുന്നത്.
'2007ലെ ടി20 ലോകകപ്പിന്റെ സമയത്താണ് ധോണി ഒരു സവിശേഷ താരമാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. സാധാരണ കാണുന്ന ധോണിയെ ആയിരിക്കില്ല നമ്മള്‍ ഒരു കാര്യവുമായി അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. സൂക്ഷ്മതയോടെ നോക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ ധോണി അത്ര മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്ന് വ്യക്തമാകും. എന്നാല്‍ എല്ലാ മത്സരത്തിലും നിറഞ്ഞ സാന്നിധ്യമായി ധോണിയുണ്ടായിരുന്നു'-ആര്‍ പി സിങ് പറഞ്ഞു.

'2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ ക്ലീന്‍ ബൗള്‍ഡാവുമെന്ന് ധോണി നേരത്തെ എന്നോട് പറഞ്ഞു. കമ്രാന്റെ കാലുകള്‍ ക്രീസില്‍ നിന്ന് ചലിക്കുന്നില്ലായിരുന്നു. മറ്റു കാര്യങ്ങളെല്ലാം മറന്ന് കൃത്യമായ ലൈനും ലെങ്തും കാത്ത് സൂക്ഷിച്ച് പന്തെറിയാന്‍ ധോണി എന്നോട് ആവിശ്യപ്പെട്ടു. ബാറ്റ്‌സ്മാനെ ധോണി നന്നായി മനസിലാക്കുന്നുവെന്ന കാര്യം ഞാന്‍ തിരിച്ചറിഞ്ഞു.
ധോണിയുടെ നിരീക്ഷണം ശരിയാണെന്ന് തെളിയിച്ച് കമ്രാന്‍ ക്ലീന്‍ബൗള്‍ഡായി. അല്‍പ്പം ഉയര്‍ന്നുവന്ന പന്തിനെ തെറ്റായി മനസിലാക്കിയ കമ്രാന് പിഴച്ചതോടെ വിക്കറ്റ് തെറിക്കുകയായിരുന്നു' ആര്‍ പി സിങ് കൂട്ടിച്ചേര്‍ത്തു. 2007ലെ ടി20 ലോകകപ്പില്‍ 12 വിക്കറ്റാണ് ആര്‍പി സിങ് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റും അദ്ദേഹം നേടിയിരുന്നു.
എം എസ് ധോണിയുടെ ക്രിക്കറ്റ് ജീവിതത്തില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കിയത് 2007ലെ ടി20 ലോകകപ്പായിരുന്നു. സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നതോടെ നായകസ്ഥാനത്തെത്തിയ ധോണി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. അതും ഫൈനലില്‍ പാകിസ്താനെ തകര്‍ത്ത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടി20യിലെ ഏക കിരീടമാണിത്. അതിന് ശേഷം ഒരു തവണപോലും കുട്ടിക്രിക്കറ്റ് രാജാക്കന്മാരാകാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.