കോലിയും രോഹിത്തും രണ്ടുവഴിക്ക്; തര്‍ക്കം തീര്‍ക്കാന്‍ ബിസിസിഐ ഇടപെടുന്നു
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ കടുത്ത ഭിന്നതയുള്ളതായി റിപ്പോര്‍ട്ട്. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കുശേഷമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം കടുത്തത്. ഇന്ത്യന്‍ ടീം മാനേജ്മെന്റ് പിന്നീട് ഇതു നിഷേധിച്ചു രംഗത്തു വന്നെങ്കിലും ബിസിസിഐ ഇപ്പോള്‍ പ്രശ്‌നം തീര്‍ക്കാന്‍ ഇടപെടുകയാണ്.
ടീം അംഗങ്ങള്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലും നടക്കാനുള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. പരമ്പരയ്ക്കിടയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി അമേരിക്കയിലേക്ക് പോകുമെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇരു ഭാഗത്തും ഗ്രൂപ്പുകളുണ്ടാകുന്നത് കുഴപ്പമാണെന്നും കളിക്കാര്‍ പക്വത പ്രകടിപ്പിക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

രോഹിത്തിനെ ക്യാപ്റ്റനാക്കിയില്ല
ലോകകപ്പില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി പരാജയമായിരുന്നെന്ന് വിമര്‍ശനമുണ്ട്. അതുകൊണ്ടുതന്നെ വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ കോലി മാറി നില്‍ക്കുമെന്നും രോഹിത് ടീം ക്യാപ്റ്റനാകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യംവെച്ചുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വിന്‍ഡീസ് പരമ്പരയില്‍ മാറിനില്‍ക്കാതെ മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെയാണ് ക്യാപ്റ്റനാകുന്നത്.

ലോകകപ്പിലെ പ്രകടനം
ലോകകപ്പിന്റെ സെമി ഫൈനലിലാണ് കോലിയും രോഹിതും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായതെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. കോലിയുടെ പല തീരുമാനങ്ങളിലും പാളുകയും ചെയ്തു. ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഗംഭീര പ്രകടനം നടത്തിയത് രോഹിത്തായിരുന്നു. അഞ്ചു സെഞ്ച്വറികളടക്കം റണ്‍സ് വാരിക്കൂട്ടി ലോക റെക്കോര്‍ഡ് സ്ഥാപിച്ച ഹിറ്റ്മാന്‍ ടൂര്‍ണമെന്റിലെ ടോപ്സ്‌കോററുമായിരുന്നു. മറുഭാഗത്ത് ക്യാപ്റ്റനമെന്ന നിലയില്‍ കോലിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അഞ്ചു ഫിഫ്റ്റികള്‍ നേടിയെങ്കിലും ഒരു സെഞ്ച്വറി പോലും കുറിക്കാനാവാതെയാണ് കോലി നാട്ടിലേക്കു മടങ്ങിയത്.

ഇന്ത്യ വെസ്റ്റിന്‍ഡീസ് പരമ്പര
വെസ്റ്റിന്‍ഡീസ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. ലോകകപ്പിലെ തോല്‍വി മായ്ച്ചുകളയാന്‍ പരമ്പരയിലെ ജയം അനിവാര്യമാണ്. പരമ്പര തോല്‍ക്കുകയാണെങ്കില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയേയും അത് കാര്യമായി ബാധിക്കും. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരമ്പരയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ഫ്‌ളോറിഡയില്‍വെച്ച് ഓഗസ്ത് 3, 4 ദിവസങ്ങളില്‍ വെസ്റ്റിന്‍ഡീസുമായി ടി20 മത്സരം കളിക്കും. ഇതിനുശേഷം വെസ്റ്റിന്‍ഡീസിലേക്ക് ടീം യാത്രയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications