മുംബൈ: തുടര്‍ച്ചയായ മത്സരത്തിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ രോഹിതിന് വിശ്രമം അനുവദിക്കുമെന്ന തരത്തില്‍ ബിസിസിഐയുടെ അടുത്ത വൃത്തങ്ങളാണ് പ്രതികരിച്ചത് .ഓപ്പണറായി ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നട്ടെല്ലായി മാറിയിരിക്കുന്ന രോഹിതിന് വിശ്രമം അനുവദിച്ചാല്‍ പകരം സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശിഖര്‍ ധവാന്‍ തിരിച്ചുവരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
സമീപകാലത്തായി മോശം ഫോമിലുള്ള ധവാന് നിര്‍ണ്ണായകമാണ് ലങ്കന്‍ പരമ്പര. മോശം ഫോം തുടര്‍ന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍നിന്നടക്കം തഴയപ്പെട്ടേക്കാം. ഈ മാസം 26നാണ് ശ്രീലങ്കന്‍ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്.മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ കളിക്കുന്നത്. ആദ്യ മത്സരം 2020 ജനുവരി അഞ്ചിന് ഗുവാഹത്തിയിലും രണ്ടാം മത്സരം ജനുവരി ഏഴിന് ഇന്‍ഡോറിലും മൂന്നാം മത്സരം ജനുവരി 10ന് പൂനെയിലുമാണ് നടക്കുന്നത്.

ജനുവരി അവസാനം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് തിരിച്ചെത്തും.ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെ ടീമിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേ സമയം സ്്്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറയ്ക്ക് കൂടുതല്‍ വിശ്രമം അനിവാര്യമാണെന്നും ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷമുള്ള ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ബൂംറയ്ക്ക് തിരിച്ചെത്താന്‍ കഴിയുമെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്.