ഐപിഎല്‍: എന്താവും യുവിയുടെ റോള്‍? വെളിപ്പെടുത്തി രോഹിത്തും സഹീറും!! ഇനി കാണാം കളി...

മുംബൈ: മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ രോഹിത് ശര്‍മയും സംഘവും മികച്ച തയ്യാറെടുപ്പുമായാണ് ഇത്തവണയെത്തുന്നത്. ലേലത്തില്‍ ചില പ്രമുഖ താരങ്ങളെ ടീമിലേക്കു കൊണ്ടുവരാനായത് മുംബൈയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ യുവരാജ് സിങിന്റെ മുംബൈയിലേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഈ സീസണില്‍ യുവി തങ്ങളുടെ തുറുപ്പുചീട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുംബൈ. ദേശീയ ടീമിലേക്കൊരു തിരിച്ചുവരവ് സ്വപ്‌നം കാണുന്ന യുവിക്കും ഇത്തവണത്തെ ഐപിഎല്‍ ഏറെ നിര്‍ണായകമാണ്. ഈ സീസണില്‍ മുംബൈ ടീമില്‍ യുവിയുടെ റോള്‍ എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉപദേശകനായ സഹീര്‍ ഖാനും.

കളി നിയന്ത്രിക്കുന്ന താരം
യുവരാജിന്റെ വരവ് തീര്‍ച്ചയായും മുംബൈ ടീമിന് മുതല്‍ക്കൂട്ടാണെന്ന് സഹീര്‍ ചൂണ്ടിക്കാട്ടി. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ മിടുക്കുള്ള അനുഭവസമ്പത്തുള്ള ഒരു താരത്തെയായിരുന്നു മുംബൈയ്ക്കു വേണ്ടിയിരുന്നത്. ഈ റോളില്‍ യുവിയേക്കാള്‍ തിളങ്ങാന്‍ മറ്റേത് കളിക്കാരനു സാധിക്കുമെന്നും സഹീര്‍ ചോദിച്ചു.
ലേലത്തിന്റെ ആദ്യ റൗണ്ടില്‍ യുവിയെ ആരും വാങ്ങാതിരുന്നത് വലിയ കാര്യമല്ലെന്ന് സഹീര്‍ വ്യക്തമാക്കി. തന്നെയും നേരത്തേ ഇതുപോലെ ലേലത്തിന്റെ ആദ്യറൗണ്ടില്‍ ആരും വാങ്ങാതെ പോയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവിയുടെ അനുഭവസമ്പത്ത് മുംബൈക്ക് ഈ സീസണില്‍ ഏറെ ഗുണം ചെയ്യുമെന്ന് രോഹിത് അഭിപ്രായപ്പട്ടു. അദ്ദേഹം ശരിക്കുമൊരു മാച്ച് വിന്നറാണെന്നും ഹിറ്റ്മാന്‍ പറഞ്ഞു.

അടിസ്ഥാന വിലയ്ക്ക്
അടിസ്ഥാന വിലയായിരുന്ന ഒരു കോടി രൂപയ്ക്കാണ് യുവി ലേലത്തില്‍ മുംബൈയുടെ കൂടാരത്തിലെത്തിയത്. ലേലത്തിന്റെ ആദ്യറൗണ്ടില്‍ വില്‍പ്പനയ്ക്കു വച്ചപ്പോള്‍ ഒരു ഫ്രാഞ്ചൈസിയും താരത്തിനായി രംഗത്തുവന്നിരുന്നില്ല. എന്നാല്‍ വില്‍ക്കപ്പെടാത്ത താരങ്ങളെ രണ്ടാംറൗണ്ടില്‍ വീണ്ടും ലേലത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുംബൈ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
17 താരങ്ങളെയാണ് പുതിയ സീസണിലെ ഐപിഎല്ലില്‍ മുംബൈ നിലനിര്‍ത്തിയത്. യുവിയുള്‍പ്പെടെ ആറു താരങ്ങളെ ലേലത്തില്‍ അവര്‍ പുതുതായി വാങ്ങുകയും ചെയ്തു.

പ്രതീക്ഷ കൈവിടാതെ യുവി
രണ്ടു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിനു പുറത്താണെങ്കിലും ഒരിക്കല്‍ക്കൂടി ദേശീയ ടീമിന്റെ ജഴ്‌സിയണിയുകയെന്ന പ്രതീക്ഷ യുവി കൈവിട്ടിട്ടില്ല. ഇത്തവണത്തെ ഐപിഎല്‍ തനിക്ക് ജീവന്‍മരണ പോരാട്ടം തന്നെയാണെന്ന് അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നന്നായറിയാം. മുംബൈക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവുമെന്ന് യുവി പ്രതീക്ഷിക്കുന്നു.
മുന്‍ സീസണുകളപ്പോലെ ഇത്തവണയും ഐപിഎല്ലില്‍ ഫ്‌ളോപ്പായി മാറിയാല്‍ ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഐപിഎല്ലില്‍ പോലും അദ്ദേഹത്തെ ഇനി കണ്ടെന്നു വരില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications