മാഡ്രിഡ്: ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ എംബാപ്പെയെ ടീമിലെത്തിക്കാന്‍ ശ്രമം ശക്തമാക്കി റയല്‍ മാഡ്രിഡ്. നിലവില്‍ ലാ ലിഗയില്‍ ഒന്നാമതാണെങ്കിലും ചാമ്പ്യന്‍സ് ലീഗിലെ നില ഭദ്രമില്ല. മികച്ച സ്‌ട്രൈക്കറുടെ അഭാവം നിഴലിച്ച് നില്‍ക്കുന്ന ടീമിലേക്ക് എന്ത് വിലകൊടുത്തും എംബാപ്പയെ എത്തിക്കാനുള്ള ശ്രമത്തിലാണ് റയലുള്ളത്. പിഎസ്ജിക്ക് റയലിന്റെ യുവ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ട്. ബ്രസീല്‍ താരമായ വിനീഷ്യസ് എത്തിയാല്‍ നെയ്മറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കുമെന്ന് പിഎസ്ജി കണക്ക് കൂട്ടുന്നു. അതിനാല്‍ വിനീഷ്യസിനൊപ്പം പണവും നല്‍കി എംബാപ്പയെ വാങ്ങാനാണ് റയലിന്റെ ശ്രമം.

മത്സരത്തിനിടെ പിന്‍വലിച്ച പിഎസ്ജി പരിശീലകനുമായി എംബാപ്പെ കോര്‍ത്തിരുന്നു. ക്ലബ്ബില്‍ താരം അസംതൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ത്തന്നെ ജനുവരിയിലെ കൈമാറ്റം നടന്നേക്കും. 2018ല്‍ പിഎസ്ജിയിലെത്തിയ എംബാപ്പ 39 മത്സരത്തില്‍ നിന്ന് 40 ഗോള്‍ നേടിയിട്ടുണ്ട്. നെയ്മറുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ എംബാപ്പയ്ക്ക് സാധിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ ക്ലബ്ബ് നിറം മങ്ങുന്നതും ടീം വിടുന്നതിനെക്കുറിച്ച് എംബാപ്പയെ ചിന്തിപ്പിക്കുന്നതായാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്തായാലും ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ വമ്പന്‍ കൈമാറ്റങ്ങള്‍ നടക്കുമെന്നുറപ്പ്.