ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരു മെഷീനല്ലെന്നും സാധാ മനുഷ്യന്‍ മാത്രമാണെന്നും കോച്ച് രവി ശാസ്ത്രി. പരിക്കിനെ തുടര്‍ന്ന് സറേയ്ക്കു വേണ്ടി കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കോഹ്‌ലിക്ക് കളിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസമാണ് വ്യക്തമായത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിക്കുമ്പോഴാണ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കോഹ്‌ലിക്ക് കഴുത്തിന് പരിക്കേറ്റത്. കോഹ്‌ലിക്ക് പരിക്കേറ്റ വാര്‍ത്ത ആരാധകരെ നിരാശയിലാഴ്ത്തുകയും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

വിശ്രമമില്ലാതെയുള്ള മല്‍സരങ്ങളാണ് കോഹ്‌ലിക്ക് വിനയാവുന്നതെന്നും ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് താരത്തിന് നല്ല വിശ്രമം ആവശ്യമാണെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. കോഹ്‌ലി ഒരു മെഷീനല്ല, മനുഷ്യന്‍ മാത്രമാണ്, ഇന്ത്യന്‍ ടീമില്‍ നന്നായി ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്ന താരമാണ് കോഹ്‌ലി, പക്ഷേ, അദ്ദേഹത്തിന്റെ ജോലി ഭാരം കൂടുതലാണ്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ക്കു ശേഷം ആവശ്യത്തിനുള്ള വിശ്രമം കോഹ്‌ലിക്ക് ലഭിക്കുന്നില്ല. കൃത്യമായ വിശ്രമം ലഭിക്കാത്ത കോഹ്‌ലി എന്നും മികച്ച പ്രകടനം തുടരണമെന്ന് പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല- രവി ശാസ്ത്രി വ്യക്തമാക്കി. അടുത്തമാസം ആരംഭിക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് കോഹ്‌ലി ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.