ദുബായ്: ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിവാദം കൊഴുക്കുന്നു. പാക്കിസ്ഥാനില്‍ തീരുമാനിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വേദിമാറ്റം ഉറപ്പായിരുന്നു. ദുബായിലായിരിക്കും വേദിയെന്ന് കഴിഞ്ഞദിവസം ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന സൗരവ് ഗാംഗുലി അറിയിക്കുകയും ചെയ്തു. എന്നാല്‍, വേദി മാറ്റം തീരുമാനിച്ചില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു.
അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് തങ്ങളുടെ കളിക്കാരെ പാക്കിസ്ഥാനില്‍ കളിക്കാന്‍ അയക്കാന്‍ താത്പര്യമില്ല. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ അടുത്തിടെ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിരുന്നെങ്കിലും മുന്‍നിര കളിക്കാര്‍ പിന്മാറിയത് തിരിച്ചടിയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ വേദിമാറ്റം സുനിശ്ചിതമായിരുന്നു. എന്നാല്‍, അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല.

ബംഗ്ലാദേശിന് ഏഷ്യാകപ്പ് വേദി നല്‍കാമെന്ന് നേരത്തെ പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കിയതായി സൂചനയുണ്ടായിരുന്നു. എന്നാല്‍, യുഎഇയില്‍ ആയിരിക്കും വേദിയെന്നാണ് സൂചന. നേരത്തെ ഏഷ്യാ കപ്പിന് വേദിയായിട്ടുള്ള യുഎഇയില്‍ കളിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് വിസമ്മതവുമില്ല. പിസിബി തലവന്‍ എഹ്‌സാന്‍ മാനി ഗാംഗുലിയുടെ പരാമര്‍ശത്തെ തള്ളി രംഗത്തെത്തിയതോടെ ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.