ദില്ലി: പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെ നടന്ന ഭീകരാക്രമണ പ്രതിഷേധത്തിനിടെയും പാക് ഷൂട്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ എത്താന്‍ വിസ അനുവദിക്കും. ഫിബ്രുവരി 20 മുതല്‍ 28 വരെ നടക്കാനിരിക്കുന്ന ഷൂട്ടിങ് ലോകകപ്പിനായാണ് വിസ അനുവദിക്കാന്‍ തീരുമാനിച്ചത്. പാക്കിസ്ഥാനുമായുള്ള ബന്ധം പലതരത്തിലും വിച്ഛേദിച്ചുകൊണ്ടിരിക്കെ പാക് താരങ്ങള്‍ക്ക് വിസ അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി രാജീവ് ഭാട്ടിയ വ്യക്തമാക്കി. കളിക്കാര്‍ക്ക് വിസ നല്‍കാന്‍ തടസമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം വിസ അനുവദിക്കും. ഇക്കാര്യം ഹൈക്കമ്മീഷനും ഇസ്ലാമാബാദിനും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഷൂട്ടര്‍മാരും ഒരു പരിശീലകനും ഫിബ്രുവരി 20ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദില്ലിയില്‍ നടക്കുന്ന ലോകകപ്പ് 2020ലെ ടോക്കിയോ ഒളിമ്പിക്‌സിന് മുന്‍പുള്ള വലിയ വേദിയാണന്നതിനാല്‍ ലോകത്തെ മുന്‍നിര്‍ ഷൂട്ടര്‍മാര്‍ എത്തുന്നുണ്ട്. ഒളിമ്പിക്‌സ് യോഗ്യത നേടാനും ലോകകപ്പ് വിജയം ഉപകരിക്കും. ഇന്ത്യയും ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെ ഉറ്റുനോക്കുന്നത്.
നേരത്തെ, തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെ ചിത്രം മുംബൈ ക്രിക്കറ്റ് ക്ലബ്ബില്‍ നിന്നും നീക്കം ചെയ്തിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഇന്ത്യയിലെ സംപ്രേക്ഷണം നിര്‍ത്തുകയും ചെയ്തു. ഈ രീതിയില്‍ കായിക രംഗത്തും ഇന്ത്യ പാക്കിസ്ഥാന്‍ പോര് മുറകുന്നതിനിടെയാണ് ഇന്ത്യയില്‍ ഷൂട്ടിങ് ലോകകപ്പിനായി പാക് താരങ്ങളെത്തുന്നത്.