ഇന്ത്യയുമായി പരമ്പര കളിക്കാന്‍ പാകിസ്താന്‍ തയ്യാര്‍, അതിനായി പിറകെ നടക്കില്ല; പിസിബി ചെയര്‍മാന്‍
കറാച്ചി: ഇടവേളയ്ക്കുശേഷം ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര കളിക്കാന്‍ താല്‍പര്യമറിയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. പിസിബി ചെയര്‍മാന്‍ ഇഹ്‌സന്‍ മാനിയാണ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര കളിക്കാന്‍ പിസിബി തയ്യാറാണെന്നും എന്നാല്‍ ഇതിനായി ബിസിസി ഐയുടെ പിറകെ നടക്കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'എപ്പോള്‍ വേണമെങ്കിലും പരമ്പര കളിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.എന്നാല്‍ അതിനായി ബിസിസിഐയുടെ പിറകെ നടക്കില്ല. അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ കളിക്കാന്‍ തയ്യാറാണ്'-മാനി പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതമൂലമാണ് ഇരു ടീമും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തിവെച്ചത്. നേരത്തെ ബിസിസിഐ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതിനെതിരേ നഷ്ടപരിഹാരം ആവിശ്യപ്പെട്ട് പിസിബി ഐസിസിയെ സമീപിച്ചിരുന്നു. തങ്ങള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിലും മറ്റ് ഒരുക്കങ്ങള്‍ക്കുമായി വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് പിസിബി ആരോപിച്ചത്. എന്നാല്‍ സംഭവത്തില്‍ ബിസിസിഐക്ക് അനുകൂലമായിരുന്നു ഐസിസിയുടെ വിധി.

2013 ജനുവരിയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാന പരമ്പര നടന്നത്.രണ്ട് ടി20യും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരയ്ക്കായി പാകിസ്താന്‍ ഇന്ത്യയിലേക്കെത്തുകയായിരുന്നു. പിന്നീട് ഇരു ടീമും തമ്മിലുള്ള എല്ലാ പരമ്പരകളും റദ്ദാക്കിയതോടെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമായിരുന്നു ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയിരുന്നത്. 2019ലെ ഇംഗ്ലണ്ട് ലോകകപ്പിലാണ് ഇരു ടീമും അവസാനമായി നേര്‍ക്കുനേര്‍ പോരടിച്ചത്.
മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിന് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. അതേ സമയം 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ കിരീടം നേടിയത്. ഇരു ടീമും തമ്മിലുള്ള മത്സരത്തിന് വലിയ ആരാധക പിന്തുണയുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത ആരാധകരുടെ കാത്തിരിപ്പിനെ നീട്ടുന്നു.
ഇത്തവണത്തെ ഏഷ്യാകപ്പ് പാകിസ്താനിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ പാകിസ്താനില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പിലും പാകിസ്താനെതിരേ ഇന്ത്യക്കാണ് ആധിപത്യം. ഇതുവരെ 14 തവണ ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണയാണ് ഇന്ത്യ വിജയിച്ചത്. ഒരു മത്സരം ഫലം കാണാതെ മുടങ്ങി. ഇനി ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാം.കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി നടക്കേണ്ട ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications