മോശം ഫോം: ഓസിലിനെ ടീമില്‍ വേണ്ടെന്ന നിലപാടിലുറച്ച് എമറി
ലണ്ടന്‍: ജര്‍മന്‍ താരം മെസ്യൂട്ട് ഓസിലിന്റെ ആഴ്‌സണലിലെ ഭാവി അനിശ്ചിതത്വത്തില്‍. ഏറെ നാളായി ഫോം കണ്ടെത്താന്‍ കഴിയാത്ത താരത്തെ ആഴ്‌സണലിന് വേണ്ടെന്ന നിലപാടില്‍ പരിശീലകന്‍ ഉനായ് എമറി ഉറച്ചുനില്‍ക്കുന്നതാണ് താരത്തിന് തിരിച്ചടിയാവുന്നത്. ഓസിലിനെ മനപ്പൂര്‍വമല്ല ഒഴിവാക്കുന്നതെന്നും മികച്ച താരങ്ങളുമായി മികച്ച ഫലം ഉണ്ടാക്കിയെടുക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് എമറി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അടുത്തിടെയൊന്നും ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ ഓസിലിന് സാധിച്ചിട്ടില്ല. പരിചയസമ്പത്തും മികച്ച പ്രകടനങ്ങളുടെ കണക്കുകളും ഏറെ അവകാശപ്പെടാനുള്ള ഓസില്‍ ജനുവരിയില്‍ ആഴ്‌സണല്‍ വിടുമെന്നാണ് വിവരം. എന്നാല്‍ മോശം ഫോമില്‍ കളിക്കുന്ന അദ്ദേഹത്തെ വാങ്ങുവാന്‍ പ്രമുഖര്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം. ചൈനീസ്,ജാപ്പനീസ് ലീഗുകളിലേക്ക് മാറാന്‍ താരം ശ്രമിക്കുന്നതായും വിവരമുണ്ട്. പരിശീലകന്‍ എമറിയുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തതും ഓസിലിന് തിരിച്ചടിയായി.

ആഴ്‌സണലിന്റെ എക്കാലത്തെയും മികച്ച പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായ ഓസിലിന്റെ ഗണ്ണേഴ്‌സിലെ കരിയര്‍ ഏറെക്കുറെ അവസാനിച്ചതായി പറയാം. ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെയുണ്ടായ വിവാദത്തെത്തുടര്‍ന്ന് ഓസില്‍ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 30കാരനായ ഓസില്‍ 2013 മുതല്‍ ആഴ്‌സണലിന്റെ ഭാഗമാണ്.റയല്‍ മാഡ്രിഡിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications