ടോക്കിയോ: ഇന്ത്യന്‍ ഷൂട്ടിംഗിന്റെ പ്രകടനവും മനു ഭാക്കറിന്റെ പുറത്താകലുമെല്ലാം വീണ്ടും ചര്‍ച്ചയാവുന്നു. ടോക്കിയോയില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മെഡലില്ലാതെയാണ് മടങ്ങുന്നത്. ഇപ്പോഴിതാ മിക്‌സഡ് ടീം ഇനത്തില്‍ മെഡലില്ലാതെ പുറത്തായ ശേഷം മനു ഭാക്കര്‍ പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. കോച്ച് ജസ്പാല്‍ റാണയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായതായി മനു ഭാക്കര്‍ പറഞ്ഞു. നേരത്തെ ടോക്കിയോ ഒളിമ്പിക്‌സിന് മുമ്പാണ് റാണയെ കോച്ചിംഗ് സ്ഥാനത്ത് നിന്ന് മാറ്റിയത്.

ഷൂട്ടിംഗ് അസോസിയേഷന്‍ ചീഫ് രണീന്ദര്‍ സിംഗിന് താന്‍ കോച്ചിനെ മാറ്റണമെന്ന് പറഞ്ഞ് സന്ദേശമയച്ചിട്ടില്ല. അസോസിയേഷന്‍ പ്രശ്‌നം വഷളായത് കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നും ബാക്കര്‍ പറഞ്ഞു. കഴിഞ്ഞ നാലോ അഞ്ചോ മാസമായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല. അതുകൊണ്ട് കോച്ചിംഗിനെ കുറിച്ചുള്ള കാര്യങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ല. ഒരുപാട് നെഗറ്റിവിറ്റിയും കൊണ്ടാണ് മത്സരിക്കാനിറങ്ങിയത്. നാല് മാസും മുമ്പ് തുടങ്ങിയ പ്രശ്‌നം കുടുംബത്തെ വരെ ബാധിച്ചിരുന്നുവെന്നും ബാക്കര്‍ പറഞ്ഞു.
ഞാന്‍ ജീവിതത്തില്‍ വിശ്വസിച്ചവരാണ് തന്നെ വലിച്ച് താഴെയിടാന്‍ ശ്രമിച്ചത്. അതിന് വ്യക്തിപരമായ നേട്ടത്തിനാവും. അങ്ങനെ നെഗറ്റീവ് കാര്യങ്ങളായിരുന്നു തനിക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്. അതേസമയം പുതിയ കോച്ച് റോനക് പണ്ഡിറ്റിന്റെ സാന്നിധ്യം ഗെയിംസ് വില്ലേജില്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും തനിക്ക് ഗുണകരമാകുമായിരുന്നുവെന്നും മനു ബാക്കര്‍ പറയുന്നു. കഴിഞ്ഞ 2018 ലോകകപ്പില്‍ അടക്കം കോച്ചില്ലാതെയാണ് ഞാന്‍ മത്സരിച്ചത്. കോച്ച് ജസ്പാല്‍ റാണയില്ലാതെയും മത്സരിച്ചിട്ടുണ്ട്. പിന്തുണയില്ലാതെ വിജയിക്കുക പ്രയാസമാണെന്നും മനു ബാക്കര്‍ പറഞ്ഞു.
റോനക് പണ്ഡിറ്റ് നേരത്തെ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഷൂട്ടര്‍മാര്‍ ഇതിലും മികച്ച പ്രകടനം നടത്തുമായിരുന്നു. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്താനാണ് നോക്കിയത്. പക്ഷേ അതില്‍ വിജയിക്കാനായില്ല. റാണയെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ അദ്ദേഹം എന്നോട് ചെയ്ത കാര്യങ്ങള്‍ ഒട്ടും ശരിയല്ല. ഫെഡറേഷനും പ്രസിഡന്റും ചേര്‍ന്നാണ് എന്നെ സഹായിച്ചത്. അവര്‍ ചെയ്തത് ശരിയായ കാര്യമാണെന്നും മനു ബാക്കര്‍ പറഞ്ഞു. 25 മീറ്റര്‍ പിസ്റ്റളില്‍ പൊരുതിയാണ് മനു തോറ്റത്.
ചിത്രം:ട്വിറ്റർ