ദില്ലി: ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ മീരാബായ് ചാനുവിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം സ്ഥാനക്കയറ്റം പ്രഖ്യാപിച്ചു. നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ വിഭാഗത്തിലേക്കാണ് മീരാബായ് ചാനുവിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്. 2 കോടി രൂപയുടെ പാരിതോഷികവും ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവിന് റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. കഠിനാധ്വാനം കൊണ്ടും മികവു കൊണ്ടും വലിയ ജനതയ്ക്ക് മാതൃകയാവാന്‍ ചാനുവിന് സാധിച്ചതായി കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്‌ണോ തിങ്കളാഴ്ച്ച പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളം മെഡല്‍ നേടിയ ശേഷം തിങ്കളാഴ്ച്ചയാണ് താരം ഇന്ത്യയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ഭാരോദ്വഹനത്തിലെ 49 കിലോ വിഭാഗത്തിലാണ് മീരാബായ് ചാനു രാജ്യത്തിന്റെ യശസ്സുയര്‍ത്തിയത്. 87 കിലോ, 115 കിലോ എന്നിങ്ങനെ മൊത്തം 202 കിലോ ഭാരം ഉയര്‍ത്താന്‍ ചാനുവിന് സാധിച്ചു. 2000 -ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി കുറിച്ച വെങ്കലത്തിന് ശേഷം ഇതാദ്യമായാണ് മറ്റൊരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ മെഡല്‍ ചൂടുന്നത്. മണിപ്പൂര്‍ സ്വദേശിയായ മീരാബായ് ചാനു നിലവില്‍ നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയിലെ സെപ്ഷ്യല്‍ ഡ്യൂട്ടി (സ്‌പോര്‍ട്‌സ്) ഓഫീസറാണ്. 2018 -ലാണ് താരം ഈ പദവിയിലേറിയത്. ഇതേസമയം ചാനുവിനെ സംസ്ഥാന പൊലീസ് വിഭാഗത്തില്‍ അഡീഷണല്‍ സുപ്രണ്ടന്റാക്കാന്‍ (സ്‌പോര്‍ട്‌സ്) തീരുമാനിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബൈറന്‍ സിങ് തിങ്കളാഴ്ച്ച അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള ഭാരോദ്വഹന അക്കാദമി സ്ഥാപിക്കാനും മണിപ്പൂര്‍ സര്‍ക്കാരിന് ആലോചനയുണ്ട്. മണിപ്പൂരില്‍ നിന്നും ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റൊരു വനിതാ താരം സുശീല ദേവിക്കും സര്‍ക്കാര്‍ സ്ഥാനക്കയറ്റം പ്രഖ്യാപിച്ചു. കോണ്‍സ്റ്റബിള്‍ പദവിയില്‍ നിന്നും സുശീല ദേവിയെ സബ് ഇന്‍സ്പക്ടറായി മണിപ്പൂര്‍ സര്‍ക്കാര്‍ നിയമിക്കും. മണിപ്പൂരില്‍ നിന്നും ഒളിമ്പിക്‌സില്‍ പങ്കെടുത്ത എല്ലാ കായിക താരങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ പാരിതോഷികവും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മിരാബായ് ചാനു, സുശീല ദേവി, ബോക്‌സിങ് താരം മേരി കോം ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ മണിപ്പൂരില്‍ നിന്നും ഇത്തവണ ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തിലുണ്ട്.