For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympcis 2021: റഫറിയെ കയ്യേറ്റം ചെയ്തു, ദീപക് പൂനിയുടെ പരിശീലകന് ടോക്കിയോയില്‍ വിലക്ക്

ടോക്കിയോ: ഗുസ്തി താരം ദീപക് പൂനിയയുടെ വിദേശ പരിശീലകന്‍ മുറാദ് ഗെയ്ദറോവിന് ടോക്കിയോ ഒളിമ്പിക്‌സില്‍ വിലക്ക്. റഫറിയെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് മുറാദ് ഗെയ്ദറോവിന്റെ അക്രഡിറ്റേഷന്‍ റദ്ദു ചെയ്തതെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വെള്ളിയാഴ്ച്ച അറിയിച്ചു. പുരുഷന്മാരുടെ 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലെ വെങ്കല മെഡലിനായി നടന്ന മത്സരത്തിന് പിന്നാലെയാണ് ഗെയ്ദറോവ് റഫിയെ കയ്യേറ്റം ചെയ്തത്. വ്യാഴാഴ്ച്ചത്തെ നിര്‍ണായക മത്സരത്തില്‍ സാന്‍ മരീനോയുടെ മൈല്‍സ് നാസിം ആമിനോട് 4-2 എന്ന നിലയ്ക്ക് ദീപക് പൂനിയ തോല്‍ക്കുകയായിരുന്നു. ഇതോടെ വെങ്കല മെഡല്‍ നേട്ടവും താരത്തിന് നഷ്ടമായി.

Olympics 2021: Indias Foreign Coach Expelled From Tokyo Olympics Village

മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍ വരെ 2-1 എന്ന നിലയ്ക്ക് മുന്നില്‍ നിന്ന ശേഷമാണ് ദീപക് പൂനിയയുടെ തോല്‍വി. റഫറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടായ ഗെയ്ദറോവ് മത്സരത്തിന് പിന്നാലെ റഫറിമാരുടെ മുറിയില്‍ ചെന്ന് മത്സരം നിയന്ത്രിച്ച റഫറിയെ കയ്യേറ്റം ചെയ്തു. ലോക ഗുസ്തി സംഘടനയായ ഫിലയാണ് സംഭവം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെയും (ഡബ്ല്യുഎഫ്‌ഐ) ഫില വിഷയത്തില്‍ ബന്ധപ്പെട്ടു. സംഭവത്തില്‍ ഔദ്യോഗിക ക്ഷമാപണം ഡബ്ല്യുഎഫ്‌ഐ വെള്ളിയാഴ്ച്ച നടത്തി. റഷ്യന്‍ പരിശീലകനായ ഗെയ്ദറോവിനെതിരെ ഇന്ത്യന്‍ ഫെഡറേഷന്‍ അടിയന്തര നടപടിയെടുക്കുകയും ചെയ്തു. പരിശീലക സ്ഥാനത്തു നിന്നും ഗെയ്ദറോവിനെ പിന്‍വലിച്ചതായി ഡബ്ല്യുഎഫ്‌ഐ ഫിലയെ അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിലും ഫില സമ്മര്‍ദ്ദം ചെലുത്തി. മുന്‍പും മുറാദ് ഗെയ്ദറോവ് സമാന സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി ഫിലെ അറിയിച്ചു. ബീജിങ് ഒളിമ്പിക്‌സില്‍ 74 കിലോ വിഭാഗത്തില്‍ വെള്ളി നേട്ടം കുറിച്ച ഗെയ്ദറോവ് 2004 ഏഥന്‍സ് ഒളിമ്പിക്‌സില്‍ നിന്നും സഹതാരത്തെ കയ്യേറ്റം ചെയ്തതിന് വിലക്ക് നേരിട്ടിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിന് പിന്നാലെ എതിരാളിയെ മാറ്റിന് പുറത്ത് ഗെയ്ദറോവ് ആക്രമിച്ചതായി ഫിലെ അറിയിച്ചു.

വാദങ്ങള്‍ കേട്ട ശേഷമാണ് മുറാദ് ഗെയ്ദറോവിനെതിരെ രാജ്യാന്തര ഒളിമ്പിക് അച്ചടക്ക നടപടിയെടുത്തത്. ഇദ്ദേഹത്തിന്റെ അക്രഡിറ്റേഷന്‍ എടുത്തുകളഞ്ഞതായും ഒളിമ്പിക്‌സ് വില്ലേജില്‍ നിന്നും ഗെയ്ദറോവ് അടിയന്തരമായി പുറത്തുപോകണമെന്നും ഇന്ത്യന്‍ സംഘത്തിന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ കത്ത് ലഭിച്ചെന്നും മുറാദ് ഗെയ്ദറോവിനെതിരെ നടപടി ആരംഭിച്ചെന്നും ഇന്ത്യന്‍ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. മുറാദ് ഗെയ്ദറോവിന്റെ വിഷയത്തില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഒന്നടങ്കം വിലക്ക് നേരിടുമായിരുന്നു. എന്തായാലും ഔദ്യോഗിക ക്ഷമാപണം രാജ്യാന്തര ഫെഡറേഷന്‍ മുഖവിലയ്‌ക്കെടുത്തു. റഫറിയെ കയ്യേറ്റം ചെയ്ത നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും ഡബ്ല്യുഎഫ്‌ഐ തലവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പറഞ്ഞുവരുമ്പോള്‍ വെള്ളിയാഴ്ച്ച ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് കാര്യമായ നേട്ടങ്ങള്‍ കുറിക്കാന്‍ സാധിച്ചിട്ടില്ല. ഗുസ്തിയില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ പ്രതീക്ഷിച്ച ബജ്‌റംഗ് പൂനി സെമിയില്‍ തോറ്റു. അസര്‍ബൈജാന്റെ ഹജി അലിയേവിനോടാണ് ബജ്‌റംഗ് പൂനിയ കീഴടങ്ങിയത്. സ്‌കോര്‍: 12-5. കഴിഞ്ഞ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ അലിയേവിന് മത്സരത്തിലുടനീളം പൂനിയക്ക് മേല്‍ ആധിപത്യം നേടാന്‍ സാധിച്ചു. സെമിയില്‍ തോറ്റ സാഹചര്യത്തില്‍ ഇനി വെങ്കല മെഡലിനായാണ് ബജ്‌റംഗ് പൂനിയ മത്സരിക്കുക.

വനിതകളുടെ 20 കിലോമീറ്റര്‍ നടത്ത മത്സരത്തിലും ഇന്ത്യയ്ക്ക് നിരാശയാണ്. ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി 17 ആം സ്ഥാനത്ത് മത്സരം ഫിനിഷ് ചെയ്തു. ഒരു മണിക്കൂറും 32 മിനിറ്റും 36 സെക്കന്‍ഡും കൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ മറ്റൊരു താരമായ ഭാവ്‌ന ജാട്ട് ഒരു മണിക്കൂറും 37 മിനിറ്റും 38 സെക്കന്‍ഡും കുറിച്ച് 32 ആം സ്ഥാനം കണ്ടെത്തി. ഇറ്റലിയുടെ ആന്റോണല പാല്‍മിസാനോയാണ് ഈ ഇനത്തില്‍ സ്വര്‍ണം അണിഞ്ഞത്. കൊളംബിയയുടെ സാന്ദ്ര ലൊറനോ അറീനാസ് വെള്ളിയും ചൈനയുടെ ഹോങ് ലിയു വെങ്കലവും കരസ്ഥമാക്കി.

രാവിലെ വനിതകളുടെ ഹോക്കിയിലും ഇന്ത്യയ്ക്ക് വെങ്കല നേട്ടം നഷ്ടമായത് കാണാം. ഇന്ത്യയെ നാലിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടീഷ് പട കീഴടക്കിയത്. ഒരു ഘട്ടത്തില്‍ രണ്ടു ഗോളിന് പിന്നിലായ ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ഇന്ത്യ അവസാന ക്വാര്‍ട്ടറില്‍ നിറം മങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ രണ്ടു തവണ ഗോള്‍ കുറിച്ചു. വന്ദന കത്താരിയ ഒരു ഗോളും കണ്ടെത്തി. മറുഭാഗത്ത് എലന റേയര്‍, സാറ റോബര്‍സ്റ്റണ്‍, ഹോളി പിയേണ്‍ വെബ്ബ്, ഗ്രേസ് ബാള്‍സ്ണ്‍ എന്നിവര്‍ ബ്രിട്ടണിന്റെ ഗോള്‍ സ്‌കോറര്‍മാരായി.

Story first published: Friday, August 6, 2021, 19:27 [IST]
Other articles published on Aug 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+